നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും കൊവിഡ് സാഹചര്യത്തില്‍ സ്‌ട്രെക്ച്ചര്‍ സൗകര്യമുള്ള വിമാനം ലഭ്യമല്ലാത്തതിനാല്‍ നീണ്ടു പോവുകയായിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ഒരുവര്‍ഷമായി ശരീരം തളര്‍ന്ന് കിടപ്പിലായിരുന്ന മംഗലാപുരം സ്വദേശി മരിച്ചു. 61 വയസുള്ള അബ്ദുറഹ്മാന്‍ മാമു ആണ് ദമ്മാമില്‍ മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്നു ഒരു വര്‍ഷത്തോളമായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ആറ് മാസത്തോളം വെന്റിലേറ്ററില്‍ കിടന്നു. പിന്നീട് ആശുപത്രിയിലെ എമര്‍ജന്‍സി കെയര്‍ റൂമില്‍ ആയിരുന്നു. നാട്ടില്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തിയെങ്കിലും കൊവിഡ് സാഹചര്യത്തില്‍ സ്‌ട്രെക്ച്ചര്‍ സൗകര്യമുള്ള വിമാനം ലഭ്യമല്ലാത്തതിനാല്‍ നീണ്ടു പോവുകയായിരുന്നു. അതിനിടയില്‍ കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായി. വൈകാതെ മരണം സംഭവിച്ചു. മൃതദേഹം ദമ്മാമില്‍ ഖബറടക്കും. നാട്ടില്‍ ഭാര്യയും രണ്ടു മക്കളുമുണ്ട്.