റിയാദ്: ശസ്ത്രക്രിയയിലെ പിഴവ് കാരണം ഗുരുതരാവസ്ഥയിലായ സൗദി പൗരന്‍ ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട്. ജിസാന്‍ പ്രവിശ്യയിലെ ഒരു ആശുപത്രിയില്‍ മൂലക്കുരു ഭേദപ്പെടുത്തുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയനായ ഹസന്‍ ദബാജി എന്ന സൗദി പൗരനാണ് ആശുപത്രിയില്‍ നിന്ന് 10 ലക്ഷം റിയാല്‍ (1.8 കോടിയിലധികം ഇന്ത്യന്‍ രൂപ)നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അതേസമയം ശസ്ത്രക്രിയ നടത്തിയ പ്രവാസി ഡോക്ടര്‍ നിയമനടപടികള്‍ ഭയന്ന് രാജ്യം വിട്ടു.

ശസ്ത്രക്രിയയിലെ പിഴവുകള്‍ കാരണം ഇപ്പോള്‍ സൗദി പൗരന്‍ ഗുരുതരാവസ്ഥയിലാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശസ്ത്രക്രിയ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രാജിവെച്ച പ്രവാസിയായ ഡോക്ടര്‍ നാട്ടിലേക്ക് പോയി. താന്‍ ഉടന്‍ മടങ്ങിവരുമെന്ന് രോഗിയെ വിശ്വസിപ്പിച്ച ഡോക്ടര്‍ ആശുപത്രിയില്‍ നിന്ന് രാജിവെച്ച വിവരം പിന്നീടാണ് രോഗി അറിഞ്ഞത്. എന്നാല്‍ നാട്ടിലെത്തിയ ഡോക്ടര്‍ അവിടെ നിന്ന് ഇയാളെ ബന്ധപ്പെടുകയും ചികിത്സക്കായി വരാന്‍ ആവശ്യപ്പെടുകയും ചെയ്തെങ്കിലും സൗദി പൗരന്‍ വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്നാണ് നിയമനടപടി സ്വീകരിച്ചത്.