മയക്കുമരുന്ന് ആവശ്യമുണ്ടെന്ന വ്യാജേന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ ബന്ധപ്പെടുകയായിരുന്നു. ചര്‍ച്ചക്കൊടുവില്‍ 500 ദിര്‍ഹത്തിന് ഹാഷിഷ് വില്‍പന നടത്തി. പണം വാങ്ങി മയക്കുമരുന്ന് കൈമാറിയതോടെ അവിടെ വെച്ച് തന്നെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്‍തു.

അബുദാബി: മയക്കുമരുന്ന് കൈവശം വെച്ചതിനും വില്‍പന നടത്തിയതിനും പ്രവാസിക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ വിധിച്ച കീഴ്‍കോടതി നടപടി യുഎഇ ഫെഡറല്‍ സുപ്രീം കോടതി ശരിവെച്ചു. വേഷം മാറിയെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ഹാഷിഷ് വില്‍പന നടത്തുന്നതിനിടെ ഇയാള്‍ കൈയോടെ പിടിയിലാവുകയായിരുന്നു. ഇയാള്‍ മയക്കുമരുന്ന് കൈവശം വെച്ചിട്ടുണ്ടെന്നും വില്‍പന നടത്തുന്നുണ്ടെന്നും രഹസ്യ വിവരം കിട്ടിയ പൊലീസ് അന്വേഷിച്ചെത്തി കെണിയിലാക്കുകയായിരുന്നു.

മയക്കുമരുന്ന് ആവശ്യമുണ്ടെന്ന വ്യാജേന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പ്രതിയെ ബന്ധപ്പെടുകയായിരുന്നു. ചര്‍ച്ചക്കൊടുവില്‍ 500 ദിര്‍ഹത്തിന് ഹാഷിഷ് വില്‍പന നടത്തി. പണം വാങ്ങി മയക്കുമരുന്ന് കൈമാറിയതോടെ അവിടെ വെച്ച് തന്നെ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയും ചെയ്‍തു. പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ കൂടുതല്‍ മയക്കുമരുന്ന് ശേഖരം കണ്ടെത്തി. രക്തവും മൂത്രവും പരിശോധിച്ചപ്പോള്‍ ഇയാള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും വ്യക്തമായി.

മയക്കുമരുന്ന് ഉപയോഗിച്ചതിനും വില്‍പന നടത്തിയതിനും പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തുകയായിരുന്നു. കോടതിയില്‍ മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് പ്രതി സമ്മതിച്ചെങ്കിലും വില്‍പന നടത്തിയെന്ന ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാല്‍ കേസ് പരിഗണിച്ച ക്രമിനല്‍ കോടതിയും പ്രാഥമിക കോടതിയും ഇയാള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഫെഡറല്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും കീഴ്‍കോടതി വിധികള്‍ ശരിവെക്കുകയാണ് സുപ്രീം കോടതി ചെയ്‍തത്.