കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണം കവർന്നതായി പരാതി. 12 പേർക്കെതിരെ കേസെടുത്ത് പൊലീസ്. അപരിചിതരായ 12 പേർ ചേർന്ന് തന്നെ ജലീബ് അൽ ഷുയൂഖ് മേഖലയിലേക്ക് ബലമായി കൊണ്ടുപോകുകയും, മർദ്ദിച്ച ശേഷം കൈവശമുണ്ടായിരുന്ന പണം കവർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നെന്നാണ് പരാതി.

കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖിൽ ഈജിപ്ഷ്യൻ സ്വദേശിയായ പ്രവാസിയെ 12 അംഗ സംഘം തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. 840 കുവൈത്തി ദിനാർ കവർന്നതായാണ് പ്രവാസി പരാതിപ്പെട്ടിരിക്കുന്നത്.

അപരിചിതരായ 12 പേർ ചേർന്ന് തന്നെ ജലീബ് അൽ ഷുയൂഖ് മേഖലയിലേക്ക് ബലമായി കൊണ്ടുപോകുകയും, മർദ്ദിച്ച ശേഷം കൈവശമുണ്ടായിരുന്ന പണം കവർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുകയുമായിരുന്നുവെന്ന് ഇയാൾ ജലീബ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ കേസെടുത്ത പബ്ലിക് പ്രോസിക്യൂഷൻ കുറ്റവാളികളെ തിരിച്ചറിയുന്നതിനും സംഭവത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതിനുമായി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. പരാതിക്കാരന് പ്രതികളുമായി മുൻപരിചയമുണ്ടോയെന്നും അക്രമത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്നും സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിച്ചു വരികയാണ്. പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ അധികൃതർ ഊർജ്ജിതമാക്കിയിട്ടുണ്ട്.