500 ഗ്രാം മയക്കുമരുന്ന് 78 ക്യാപ്‍സ്യൂളുകളാക്കിയ ശേഷം നാട്ടില്‍ വെച്ചു തന്നെ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറി ബഹ്റൈനിലെത്തി. 

മനാമ: ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച പ്രവാസിക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ. ഏതാണ്ട് 10,000 ബഹ്റൈനി ദിനാര്‍ (21 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുന്ന മയക്കുമരുന്ന്, സ്വന്തം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കൊണ്ടുവന്നത്. 48 വയസുകാരനായ പ്രതിയെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് സംശയം തോന്നിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്‍തു.

ശാബു എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മെറ്റാംഫിറ്റമീന്‍ എന്ന മയക്കുമരുന്നാണ് ഇയാളുടെ ശരീരത്തിലുണ്ടായിരുന്നത്. 500 ഗ്രാം മയക്കുമരുന്ന് 78 ക്യാപ്‍സ്യൂളുകളാക്കിയ ശേഷം നാട്ടില്‍ വെച്ചു തന്നെ വിഴുങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ കയറി ബഹ്റൈനിലെത്തി. വിമാനത്താവളത്തില്‍ വെച്ച് ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ കസ്റ്റംസ് ഓഫീസര്‍മാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. എക്സ്റേ പരിശോധന നടത്തിയപ്പോള്‍ വയറിനുള്ളില്‍ ക്യാപ്‍സ്യൂളുകള്‍ ഒളിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടു.

തുടര്‍ന്ന് ഇയാളെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റുകയും അവിടെ വെച്ച് വിസര്‍ജ്യത്തില്‍ നിന്ന് ക്യാപ്‍സൂളുകള്‍ കണ്ടെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്‍തപ്പോള്‍, മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരു കണ്ണിയാണ് പിടിയിലായതെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. 670 ബഹ്റൈനി ദിനാറാണ് (1.4 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഇയാള്‍ക്ക് മയക്കുമരുന്ന് കടത്തിന് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. ബഹ്റൈനില്‍ വെച്ച് ഒരാള്‍ ഇവ ഏറ്റുവാങ്ങുമെന്നായിരുന്നു നാട്ടിലുണ്ടായിരുന്നവര്‍ അറിയിച്ചിരുന്നത്. അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ‍യ്ക്ക് പുറമെ 5000 ബഹ്റൈനി ദിനാര്‍ പിഴയും പ്രതിക്ക് കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തും.

Read also:  സ്വകാര്യ ആശുപത്രിയെ അവഹേളിച്ച് വീഡിയോ പോസ്റ്റ് ചെയ്‍ത സോഷ്യല്‍ മീഡിയ താരത്തിന് പിഴ