ദുബൈ: ദുബൈയില്‍ പ്രവാസിയെ കുത്തിപ്പരിക്കേല്‍പ്പിച്ച് പഴ്‌സും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഘത്തിനെതിരെ നിയമനടപടികള്‍ ആരംഭിച്ചു. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ദുബൈയിലെ നയിഫ് ഏരിയയിലെ ഒരു പാര്‍ക്കിങ് സ്ഥലത്ത് കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു ആക്രമിക്കപ്പെട്ട പാകിസ്ഥാന്‍ സ്വദേശി. പെട്ടെന്ന് ഒരാള്‍ കാറിന്റെ ഡോര്‍ തുറന്ന് തനിക്ക് അരികിലെ സീറ്റില്‍ ഇരുന്നതായും മറ്റ് മൂന്ന് പേരെത്തി തന്നെ കാറിന് പുറത്തേക്ക് വലിക്കാന്‍ ശ്രമിച്ചതായും പരാതിക്കാരനായ പാകിസ്ഥാന്‍ സ്വദേശി പറഞ്ഞു. സീറ്റ് ബെല്‍റ്റ് ധരിച്ചതിനാല്‍ ഇയാളെ കാറിന് പുറത്തെത്തിക്കാന്‍ പ്രതികള്‍ക്ക് കഴിഞ്ഞില്ല.

തുടര്‍ന്ന് സംഘത്തിലെ ഒരാള്‍ തന്‍റെ തോളില്‍ കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പഴ്‌സും രണ്ട് മൊബൈല്‍ ഫോണുകളും കൈക്കലാക്കിയെന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും പാകിസ്ഥാന്‍കാരന്‍ പറഞ്ഞു. സഹായത്തിനായി നിലവിളിച്ചെങ്കിലും രാത്രിയായതിനാല്‍ ആരും രക്ഷപ്പെടുത്താന്‍ എത്തിയില്ല. പരിക്കേറ്റെങ്കിലും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഇയാള്‍ പിന്തുടര്‍ന്നു. എന്നാല്‍ ഓടുന്നതിനിടെ പ്രതികളുടെ കയ്യില്‍ നിന്നും താഴെ വീണ ഫോണുകള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് ലഭിച്ചു.

സംഭവം കണ്ട തൊട്ടടുത്ത കെട്ടിടത്തിലുള്ളയാളാണ് ദുബൈ പൊലീസില്‍ വിവരം അറിയിച്ചത്. തന്റെ പഴ്‌സില്‍ നിന്നും 1,100 ദിര്‍ഹവും നാല് ക്രെഡിറ്റ് കാര്‍ഡുകളും പ്രതികള്‍ കവര്‍ന്നതായി പരാതിക്കാരന്‍ വെളിപ്പെടുത്തി. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവരെ പിടികൂടാനായില്ല. അറസ്റ്റിലായ 36 വയസ്സുള്ള വിദേശിക്കെതിരെ മോഷണം, ആക്രമണം എന്നീ കുറ്റങ്ങള്‍ ചുമത്തി. കേസില്‍ ഫെബ്രുവരി 14ന് വിധി പറയും.