പങ്കുവെച്ച് കഴിച്ച ഭക്ഷണത്തില്‍ ഓരോരുത്തരും കഴിച്ച അളവിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് രൂക്ഷമായ വാഗ്വാദമായി മാറി.
ദുബൈ: ഒപ്പം താമസിച്ചിരുന്ന ബന്ധുവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രവാസി യുവാവിന് ആറ് മാസം ജയില്‍ ശിക്ഷ. 34 വയസുകാരനായ പ്രതിക്ക് ദുബൈ ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിക്കെതിരെ വധശ്രമത്തിനാണ് പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്.
ദുബൈയിലെ സത്‍വ ഏരിയയില്‍ ഒരു അപ്പാര്‍ട്ട്മെന്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. താമസസ്ഥലത്ത് പങ്കുവെച്ച് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ പെട്ടെന്ന് തര്‍ക്കമുണ്ടാവുകയായിരുന്നുവെന്നും അത് ഒടുവില്‍ കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നുവെന്നുമാണ് കോടതിയില്‍ സമര്‍പ്പിച്ച കേസ് രേഖകള്‍ വ്യക്തമാക്കുന്നത്.
വയറില്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്‍ത്രക്രിയക്ക് വിധേയനാക്കിയാണ് ജീവന്‍ രക്ഷിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ട ശേഷം അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ സംഭവങ്ങള്‍ വിശദീകരിച്ചു. പങ്കുവെച്ച് കഴിച്ച ഭക്ഷണത്തില്‍ ഓരോരുത്തരും കഴിച്ച അളവിനെച്ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം പിന്നീട് രൂക്ഷമായ വാഗ്വാദമായി മാറി.
ഇതിനിടെ യുവാവ് മുറിയില്‍ നിന്ന് പുറത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പിന്നാലെ കത്തിയുമായെത്തിയ പ്രതി വയറില്‍ കുത്തുകയായിരുന്നു. ഗുരുതരായി പരിക്കേറ്റ യുവാവ് നിലത്തുവീണുവെന്നും കേസ് രേഖകള്‍ പറയുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. എന്നാല്‍ തന്റെ ബന്ധു കൂടിയായ യുവാവിനെ താന്‍ കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കിയ ദുബൈ ക്രിമിനല്‍ കോടതി, പ്രതിക്ക് ആറ് മാസം ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു.
Read also: വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ ഒരാഴ്ചയ്‍ക്കിടെ പിടിയിലായത് 13,702 പ്രവാസികൾ
