ഷാര്‍ജ: കുടുംബം നോക്കാനായി ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്ന ശരാശരി മലയാളിയായ കാസര്‍ഗോഡ് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ളയ്ക്ക് ഇപ്പോള്‍ സര്‍വ്വത്ര തിരക്കാണ്. ദിവസേന ഫോണിലേക്ക് വരുന്നത് നൂറുകണക്കിന് കോളുകള്‍. എല്ലാവര്‍ക്കും അറിയേണ്ടത് ഒന്ന് മാത്രം, ആരാണ് അധോലോക നായകന്‍ സുലൈമാന്‍ ഇസ. ഫോണ്‍ കോളുകളുടെ കാരണം തെരഞ്ഞെ കുഞ്ഞബ്ദുള്ളയുടെ അന്വേഷണം ചെന്നെത്തിയത്  നെറ്റ് ഫ്ലിക്സിലെ പ്രശസ്ത വെബ് പരമ്പര സേക്രഡ് ഗെയിംസില്‍!

ഫോണ്‍ കോളുകളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ കുഞ്ഞബ്ദുള്ള ആദ്യം സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും കാര്യമെന്തെന്ന് അവര്‍ക്കും പിടികിട്ടിയില്ല. പിന്നീട് ടെലികോം കമ്പനിയില്‍ പരാതി നല്‍കാമെന്ന് കരുതി. എന്നാല്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാവുന്ന  തന്‍റെ നമ്പര്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്ക കാരണം അദ്ദേഹം പരാതി നല്‍കിയില്ല. പിന്നീടാണ് ഫോണ്‍ വിളികളുടെ യഥാര്‍ത്ഥ കാരണം കുഞ്ഞബ്ദുള്ള മനസ്സിലാക്കിയത്. സംഗതി മറ്റൊന്നുമല്ല നെറ്റ് ഫ്ലിക്സിലെ സേക്രഡ് ഗെയിംസ് വെബ് പരമ്പരയാണ്. പരമ്പരയുടെ പുതിയ സീസണിലെ ഈ മാസം 15 ന് സംപ്രേക്ഷണം ചെയ്ത ആദ്യ എപ്പിസോഡില്‍ സുലൈമാന്‍ ഇസ എന്ന അധോലോക നായകന്‍റെ പേരില്‍ കാണിക്കുന്ന നമ്പര്‍ കുഞ്ഞബ്ദുള്ളയുടേതായതാണ് പ്രശ്നങ്ങളുടെ തുടക്കം. ചെറിയ കടയാസുതുണ്ടില്‍ എഴുതി കാണിച്ച നമ്പര്‍ ശേഖരിച്ച ആളുകള്‍ കുഞ്ഞബ്ദുള്ളയെ വിളിക്കുകയായിരുന്നു. 

പകലന്തിയോളം ഷാര്‍ജയിലെ എണ്ണ കമ്പനിയില്‍ ജോലി ചെയ്യുന്ന തനിക്ക് ഇത്തരം സീരീസുകള്‍ എന്താണെന്ന് അറിയില്ലെന്നും കാണാന്‍ സമയം കിട്ടാറില്ലെന്നും കുഞ്ഞബ്ദുള്ള പറയുന്നു. പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും എപ്പിസോഡിലെ സബ്ടൈറ്റിലില്‍ നിന്ന് നമ്പര്‍ ഒഴിവാക്കുമെന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് നെറ്റ് ഫ്ലിക്സ് അധികൃതര്‍ അറിയിച്ചു.