Asianet News MalayalamAsianet News Malayalam

ഇഖാമ ഉപയോഗിച്ച് വ്യാജ സിം എടുത്ത് പണം തട്ടി; സൗദിയിൽ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവുമൊത്ത് ദമാമിൽ താമസിക്കുന്ന അനിൽ ഒരുതവണ നാട്ടിൽ പോകാൻ റീ എൻട്രി വിസക്കായി പാസ്‍പോർട്ട് വിഭാഗത്തിനെ (ജവാസത്ത്) സമീപിച്ചപ്പോഴാണ് തനിക്ക് യാത്രാ വിലക്കുണ്ടെന്ന് അറിയുന്നത്. 

expat who accidently involved in a police case after someone took sim card using his id proof returned home
Author
First Published Nov 10, 2022, 2:40 PM IST

റിയാദ്: തിരിച്ചറിയൽ രേഖ (ഇഖാമ) ഉപയോഗിച്ച് വ്യാജ സിമ്മെടുത്ത് അതുപയോഗിച്ച് അജ്ഞാതർ പണം തട്ടിയ കേസിൽ കുടുങ്ങിയ മലയാളി വർഷങ്ങൾക്ക് ശേഷം നാടണഞ്ഞു. ആലപ്പുഴ ഹരിപ്പാട് സ്വദേശി അനിലാണ് സൗദിയിൽ താനറിയാത്ത ഒരു സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ട് കഴിയുന്നതിനിടെ സാമൂഹികപ്രവർത്തകന്റെ സഹായത്തോടെ കുരുക്കഴിച്ച് നാടണഞ്ഞത്. സാമൂഹ്യ പ്രവർത്തകൻ ഷാജി മതിലകത്തിന്റെ ഇടപെടലിലൂടെ ദുരിതപർവം താണ്ടി അനിൽ നാട്ടിലേക്കു മടങ്ങി.

2019ലെ റമദാൻ മാസത്തിലാണ് ദമ്മാം സീകോക്ക് സമീപമുള്ള മൊബൈൽ ഷോപ്പിൽ നിന്നും വെർജിൻ നെറ്റ്‌വർക്കിന്റെ ഒരു സിം എടുത്തത്. ഒരു ബംഗാളി സെയിൽസ്‍മാൻ നിയമപരമായ സംവിധാനത്തിലൂടെയാണ് സിം നൽകിയതെന്നും തന്റെ ഇഖാമ കോപ്പിയും വിരലടയാളവും എടുത്താണ് സിം വാങ്ങിയതെന്നും ദമാമിൽ സെയിൽസ്‍മാനായ അനിൽ പറയുന്നു.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബവുമൊത്ത് ദമാമിൽ താമസിക്കുന്ന അനിൽ ഒരുതവണ നാട്ടിൽ പോകാൻ റീ എൻട്രി വിസക്കായി പാസ്‍പോർട്ട് വിഭാഗത്തിനെ (ജവാസത്ത്) സമീപിച്ചപ്പോഴാണ് തനിക്ക് യാത്രാ വിലക്കുണ്ടെന്ന് അറിയുന്നത്. അദ്ദേഹം ജോലി ചെയ്യുന്ന കമ്പനി അധികൃതരും അനിലും കൂടി നടത്തിയ വിശദമായ അന്വേഷണത്തിൽ തനിക്കെതിരെ പോലീസിൽ ഒരു കേസ് നില നിൽക്കുന്നതായി മനസ്സിലായി. 

റിയാദിലുള്ള ഒരു യെമൻ പൗരന്റെ ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 6100 റിയാൽ കവർന്നു എന്നതായിരന്നു കേസ്. വിശദമായ അന്വേഷണത്തിൽ അനിലിന്റെ പേരിലുള്ള ഒരു മൊബൈൽ നമ്പറിൽ നിന്നും ഒ.ടി.പി നമ്പർ ചോദിച്ചു കൊണ്ട് കോൾ ചെന്നതായും അക്കൗണ്ട് പുനർനിർണയിക്കുന്നതിനായി താങ്കളുടെ മൊബൈലിൽ എത്തിയ നമ്പർ പറയണമെന്ന് ആവശ്യപ്പെട്ടതായും അങ്ങനെ താൻ ഒ.ടി.പി നൽകുകയും തുടര്‍ന്ന് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടുകയും ചെയ്തെന്നാണ് യെമൻ പൗരൻ പൊലീസിൽ നൽകിയ കേസ്. 

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കോൾ ചെയ്ത ഫോണ്‍ നമ്പര്‍ അനിലിന്റെ പേരിലുള്ള ഇഖാമ ഉപയോഗിച്ച് എടുത്ത സിം ആണെന്ന് മനസ്സിലാവുകയും കേസ് അനിലിന്റെ പേരിൽ പൊലീസ് ചാർജ് ചെയ്യുകയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ അനിലിന്റെ ഇഖാമ നമ്പർ ഉപയോഗിച്ച് പത്തോളം മൊബൈൽ സിമ്മുകൾ എടുത്തതായി തിരിച്ചറിഞ്ഞു. 

അടുത്ത ദിവസം സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായത്തോടെ ദമ്മാം ശമാലിയ പോലീസിൽ എത്തിയ അനിലിനെ ദമ്മാം നിയാബയിൽ ഹാജരാക്കി. വിശദമായ ചോദ്യം ചെയ്യലിൽ അനിലിനെതിരെ പ്രത്യക്ഷത്തിൽ ഒരു തെളിവും കണ്ടെത്താനായില്ല.
കൂടുതൽ പരിശോധന ആവശ്യമായതിനാൽ ഒരു വർഷത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് കൊണ്ടുവരാൻ പബ്ലിക് പോസിക്യൂഷൻ നിർദേശിച്ചതനുസരിച്ച് അതും ഹാജരാക്കി. ഇങ്ങനെ ഒരു സാമ്പത്തിക ഇടപാട് നടന്നതായി ഒരു തെളിവും ലഭിക്കാത്തതിനെ തുടർന്ന് അനിൽ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തു. 

ഇതിനിടയിൽ നിരവധി രോഗങ്ങൾ കൊണ്ട് ഏറെ ബുദ്ധിമുട്ടിയിരുന്ന അനിലിന്റെ അമ്മയുടെ ആരോഗ്യ നില വഷളാവുകയും 2020 ഫെബ്രുവരിയിൽ അമ്മ മരണപ്പെടുകയും ചെയ്തു. അമ്മയുടെ വിയോഗമറിഞ്ഞ് നാട്ടിലേക്ക് പോകാനൊരുങ്ങിയ അനിലിന് കേസ് പൂർത്തിയാകാതെ രാജ്യം വിട്ടു പോകാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചു.

നല്ല ജോലിയും സാഹചര്യവും ഉണ്ടായിരുന്ന ഭാര്യയേയും മക്കളെയും  ഇനി പ്രവാസ ജീവിതം തന്നെ വേണ്ടെന്ന തീരുമാനത്തിൽ എട്ടു മാസം മുമ്പ്  നാട്ടിലേക്ക് അയച്ചു. എങ്ങനെയെങ്കിലും ഈ കുരുക്കഴിച്ചു നാട്ടിലേക്ക് മടങ്ങുന്നതിനായി മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ സാമൂഹിക പ്രവർത്തകൻ ഷാജി മതിലകത്തെ കണ്ടു സഹായം അഭ്യർഥിക്കുകയായിരുന്നു. അദ്ദേഹം പോലീസ് സ്‌റ്റേഷനിലും നിയാബയിലുമായി വീണ്ടും കയറിയിറങ്ങി അധികാരികളിൽ സമ്മർദ്ദം ചെലുത്തിക്കൊണ്ടേയിരുന്നു. ഇന്ത്യൻ എംബസി വഴിയും ശ്രമം നടത്തി. 

നീണ്ട കാത്തിരിപ്പിനൊടുവിൽ അധികാരികളിൽ നിന്നും അനുകൂല നടപടി വരികയും യാത്രാ വിലക്ക് ഒഴിവാക്കുകയും ചെയ്‍തതോടെ പാസ്‌പോർട്ടിൽ റീ എൻട്രി വിസ അടിച്ച് കഴിഞ്ഞ ദിവസം അനിൽ നാട്ടിലേക്കു മടങ്ങി.

പ്രവാസികളുടെ അശ്രദ്ധയാണ് പലപ്പോഴും ഇങ്ങനെയുള്ള കേസുകളിൽ അകപ്പെടാൻ സാഹചര്യമുണ്ടാക്കുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ഷാജി മതിലകം പറഞ്ഞു. നമ്മുടെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് വ്യാജന്മാർ നടത്തുന്ന നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിന് നിരവധി മാർഗങ്ങൾ നിലവിലുണ്ടെന്നും ഇത് ഓൺലൈനിൽ പരിശോധിക്കാനും നേരിട്ട് പരിശോധിക്കാനും സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചതിക്കുഴികളെ കുറിച്ച് ഓൺലൈൻ വഴിയും മൊബൈൽ സംവിധാനങ്ങള്‍ വഴിയും വാർത്താ  മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളിലും നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും വീണ്ടും ഇത്തരം കുരുക്കുകളില്‍ പെടാതിരിക്കാന്‍ പ്രവാസികൾ ജാഗരൂകരാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 

Read also: യുഎഇയില്‍ ഇന്ത്യന്‍ ദമ്പതികളെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസില്‍ വധശിക്ഷ ശരിവെച്ച് അപ്പീല്‍ കോടതി

Follow Us:
Download App:
  • android
  • ios