പരിശോധനാ സമയത്ത് സ്വബോധത്തിലല്ലായിരുന്ന ചില അറബ് പ്രവാസികളെയും പിടികൂടി.
കുവൈത്ത് സിറ്റി: നിയമ ലംഘകരെ കണ്ടെത്താനായി കുവൈത്തില്‍ സുരക്ഷാ വിഭാഗങ്ങള്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസത്തെ വാഹന പരിശോധനയ്‍ക്കിടെ, പത്ത് വര്‍ഷമായി നിയമം ലംഘിച്ച് രാജ്യത്ത് കഴിയുകയായിരുന്ന ഒരു പ്രവാസിയെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പരിശോധനാ സമയത്ത് സ്വബോധത്തിലല്ലായിരുന്ന ചില അറബ് പ്രവാസികളെയും പിടികൂടി.
ഡ്രൈവിങ് ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച കുട്ടികളെ അടക്കം കഴിഞ്ഞ ദിവസങ്ങളിലെ വ്യാപക പരിശോധനയില്‍ പിടികൂടി. സുലൈബിയ ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ഹവല്ലി, മൈദാന്‍ ഹവല്ലി എന്നിവിടങ്ങളിലെ നിരവധി സ്ഥാപനങ്ങളില്‍ സംയുക്ത പരിശോധന നടന്നു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ രൂപീകരിച്ച 'കമ്മിറ്റി ഓഫ് ഫൈവ്', താമസകാര്യ അന്വേഷണ വിഭാഗം, വാണിജ്യ - വ്യവസായ മന്ത്രാലയം, പബ്ലിക് അതോരിറ്റി ഫോര്‍ ഇന്‍ഡസ്‍ട്രി, ജല - വൈദ്യുതി മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്.
ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളില്‍ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുകയായിരുന്ന 420 വര്‍ക്ക് ഷോപ്പുകള്‍ക്ക് നോട്ടീസ് നല്‍കി. 12 വാഹനങ്ങള്‍ പിടിച്ചെടുത്തു. മോഷണക്കേസുകളില്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്ന മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. വാണിജ്യ - വ്യവസായ മന്ത്രാലയം 51 നിയമ ലംഘനങ്ങള്‍ കണ്ടെത്തി.
13 വര്‍ക്ക് ഷോപ്പുകളിലേക്കും ഗാരേജുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചു. 63 പേരെയാണ് അറസ്റ്റ് ചെയ്‍തത്. 17 താമസ നിയമ ലംഘകരെ കണ്ടെത്തി. വൃത്തിഹീനമായി ഉപേക്ഷിച്ചിരുന്ന 260 വാഹനങ്ങളില്‍ മുന്നറിയിപ്പ് സ്റ്റിക്കറുകള്‍ പതിച്ചു. അധികൃതരുടെ ഡാറ്റാ ബേസില്‍ ഒരു വിവരവും കണ്ടെത്താന്‍ സാധിക്കാതിരുന്ന ആറ് വാഹനങ്ങളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
