മോഷ്‍ടിച്ച സ്വര്‍ണവുമായി രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കൊണ്ടുപോകുമ്പോള്‍, അവ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കേണ്ടി വരുമെന്ന് ഒരാള്‍ പറഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടുകയായിരുന്നു.
കുവൈത്ത് സിറ്റി: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രവാസി വനിത കുവൈത്തില്‍ പിടിയിലായി. ഒരു സ്വദേശിയുടെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയാണ് പിടിയിലായത്. ഇവര്‍ ഫിലിപ്പൈന്‍സ് സ്വദേശിയാണെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
സാല്‍വ പൊലീസ് സ്റ്റേഷനിലാണ് യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷ്‍ടിച്ച സ്വര്‍ണവുമായി രാജ്യം വിടാനായിരുന്നു ഇവരുടെ പദ്ധതി. എന്നാല്‍ വിമാനത്താവളത്തിലൂടെ സ്വര്‍ണം കൊണ്ടുപോകുമ്പോള്‍, അവ വാങ്ങിയതിന്റെ ബില്ല് ഹാജരാക്കേണ്ടി വരുമെന്ന് ഒരാള്‍ പറഞ്ഞതോടെ ഈ ശ്രമം ഉപേക്ഷിച്ച് മറ്റ് മാര്‍ഗങ്ങള്‍ തേടുകയായിരുന്നു.
ഇതോടെ സ്വര്‍ണം കുവൈത്തില്‍ തന്നെ വിറ്റ ശേഷം പണവുമായി നാട്ടിലേക്ക് കടക്കാനായി ശ്രമം. എന്നാല്‍ സ്വര്‍ണം വാങ്ങിയതിന്റെ ബില്ല് കൈവശമില്ലാത്തതിനാല്‍ ഈ ശ്രമവും പരാജയപ്പെട്ടു. എന്നാല്‍ ഇതിനോടകം ഇവരുടെ തൊഴിലുടമയായ സ്വദേശി വനിത പൊലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടുജോലിക്കാരിയെ പെട്ടെന്ന് കാണാതായെന്നും തന്റെ പാസ്‍പോര്‍ട്ടും 2500 ദിനാര്‍ വില വരുന്ന ആഭരണങ്ങളും അവര്‍ കൊണ്ടുപോയെന്നുമായിരുന്നു സ്‍പോണ്‍സറുടെ പരാതി. സ്വര്‍ണം വില്‍ക്കാന്‍ ശ്രമിച്ചെന്ന വിവരം ലഭിച്ചതോടെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
