ഏഷ്യൻ വംശജനായ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്

ദുബൈ: എമർജൻസി വാഹനങ്ങൾക്കായുള്ള ഷോൾഡർ റോഡിൽ അനധികൃതമായി പ്രവേശിക്കുകയും അമിത വേ​ഗത്തിൽ വാഹനമോടിക്കുകയും ചെയ്തതിന് ഒരു പ്രവാസിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഒരാളെയാണ് കസ്റ്റഡിയിലെടുത്തത്.

ന​ഗരത്തിലെ നീണ്ട ട്രാഫിക് ഒഴിവാക്കുന്നതിനായി അനധികൃതമായി ഇയാൾ വലതുവശത്ത് കൂടിയുള്ള എമർജൻസി ഏരിയയിൽ കയറുകയായിരുന്നു. കൂടാതെ അമിത വേ​ഗത്തിൽ വാഹനം ഓടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കപ്പെട്ടതോടെ ട്രാഫിക് പട്രോൾ സംഘം അന്വേഷണം നടത്തുകയും ഇയാൾ പിടിയിലാവുകയുമായിരുന്നു. അറസ്റ്റിന് പുറമേ, വാഹനം കണ്ടുകെട്ടുകയും 50,000 ദിർഹം പിഴ ചുമത്തുകയും ചെയ്തു.

അറസ്റ്റ് ചെയ്ത ഡ്രൈവറിനെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി ട്രാഫിക് ജനറൽ ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസൂറി പറഞ്ഞു. റോഡിന്റെ ഇരു വശങ്ങളിലും മ‍ഞ്ഞ നിറത്തിൽ ലൈൻ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത് എമർജൻസി വാഹനങ്ങൾക്ക് ഉപയോ​ഗിക്കാൻ വേണ്ടിയാണ്. യുഎഇയിലെ ട്രാഫിക് നിയമപ്രകാരം ഇത്തരത്തിൽ നിയമലംഘനം നടത്തുന്നവരിൽ നിന്നും 50,000 ദിർഹം പിഴ ഈടാക്കുന്നതാണ്. കൂടാതെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.