ജോലിസ്ഥലത്ത് ഉറങ്ങുകയായിരുന്ന തൊഴിലാളി ബുള്‍ഡോസര്‍ കയറി മരിച്ചു. ഷാര്‍ജ മലീഹയിലായിരുന്നു സംഭവം. പാകിസ്ഥാന്‍ പൗരനാണ് മരിച്ചത്. 

ഷാര്‍ജ: ഷാര്‍ജയില്‍ ജോലി സ്ഥലത്തുവെച്ച് ബുള്‍ഡോസര്‍ ശരീരത്തിലൂടെ കയറി തൊഴിലാളിക്ക് ദാരുണാന്ത്യം. ഷാര്‍ജ മലീഹയിലെ കെട്ടിട നിര്‍മാണ സ്ഥലത്തായിരുന്നു സംഭവം. ജോലിയ്ക്കിടയിലെ ഇടവേളയില്‍ ഉറങ്ങുകയായിരുന്ന പാകിസ്ഥാന്‍ പൗരനാണ് അപകടത്തില്‍ പെട്ടത്.

33കാരനായ തൊഴിലാളി ബുള്‍ഡോസറിന്റെ അടിയിലാണ് വിശ്രമിക്കാനായി കിടന്നിരുന്നത്. ഇത് അറിയാതെ ഡ്രൈവര്‍ ബുള്‍ഡോസര്‍ മുന്നോട്ടെടുക്കുകയായിരുന്നു. വാഹനം ശരീരത്തില്‍ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചതായി പൊലീസ് അറിയിച്ചു. അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാഹനം ഓടിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പ്രോസിക്യൂഷന് കൈമാറി.