പട്രോളിംഗ് വാഹനത്തിൽ ബസിടിച്ച് അപകടം. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തില്‍ പ്രവാസിയായ ഡ്രൈവര്‍ അറസ്റ്റിൽ. പട്രോളിംഗ് വാഹനം നിർത്തിയ സമയത്ത് ഒരു ബസ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന പൊലീസ് പട്രോളിംഗ് വാഹനത്തിൽ ബസിടിച്ച് രണ്ട് രക്ഷാപ്രവർത്തന വിഭാഗം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ മുബാറക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല.

പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. അപകടത്തിന് കാരണക്കാരനായ ഏഷ്യക്കാരനായ ബസ് ഡ്രൈവറെ പരിക്കേൽപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി സൽവ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലെടുത്തു. പട്രോളിംഗ് വാഹനം നിർത്തിയ സമയത്ത് ഒരു ബസ് വന്ന് ഇടിക്കുകയായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ബസ് അമിതവേഗതയിൽ ആയിരുന്നെന്നും, ഇതിനിടെ ഒരു ടയർ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് നിയന്ത്രണം വിട്ട് പട്രോളിംഗ് വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു എന്നും അന്വേഷണത്തിൽ കണ്ടെത്തി.