ഒമാനിലെ കോടതികളില്‍ പ്രവാസി അഭിഭാഷകര്‍ക്ക് വിലക്ക്. 2020 ഡിസംബര്‍ 31 ന് ശേഷമാണ് വിലക്ക് പ്രാബല്യത്തില്‍ വരിക.

മസ്കറ്റ്: 2020 ഡിസംബര്‍ 31 ന് ശേഷം ഒമാനിലെ ഏതെങ്കിലും കോടതികളില്‍ ഹാജരാകാനോ വാദിക്കാനോ പ്രവാസി അഭിഭാഷകരെ അനുവദിക്കില്ലെന്ന് ഒമാന്‍ നീതിന്യായ, നിയമകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ഒമാനിലെ സുപ്രീംകോടതി ഉള്‍പ്പെടെ വിവിധ കോടതികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്രവാസി അഭിഭാഷകര്‍ക്ക് ''കോടതികളില്‍ ഹാജരാകാനോ വാദിക്കാനോ പാടില്ല'' എന്ന സമയപരിധി നിശ്ചയിച്ച മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനമെടുത്തതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒമാനിലെ നീതിന്യായ, നിയമ നിര്‍വഹണ മേഖലയുടെ മുന്നേറ്റത്തിനും നിലവാരം ഉയര്‍ത്തുന്നതിനും വിദേശികളായ അഭിഭാഷകര്‍ നല്‍കിയ സംഭാവനകളെയും അനുഭവങ്ങളെയും മന്ത്രാലയം അഭിനന്ദിക്കുകയും തുടര്‍ന്നുള്ള ഔദ്യോഗിക പ്രവര്‍ത്തനരംഗത്ത് വിജയങ്ങള്‍ നേരുന്നതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.