43കാരനായ ബം​ഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസർ ബലാൽ ആണ് ബിഗ് ടിക്കറ്റ് ഗ്രാന്‍ഡ് പ്രൈസ് 2.5 കോടി ദിര്‍ഹം സ്വന്തമാക്കിയത്

അബുദാബി: ‍ഞെട്ടൽ മാറാതെ ബി​ഗ് ടിക്കറ്റ് ​ഗ്രാൻഡ് പ്രൈസ് സ്വന്തമാക്കിയ പ്രവാസി. 43കാരനായ ബം​ഗ്ലാദേശ് സ്വദേശി മുഹമ്മദ് നാസർ ബലാൽ ആണ് ബിഗ് ടിക്കറ്റിന്‍റെ 276-ാമത് സീരീസ് നറുക്കെടുപ്പിൽ 2.5 കോടി ദിര്‍ഹം സ്വന്തമാക്കിയത്. 061080 എന്ന നമ്പറിനാണ് സമ്മാനം. ജൂൺ 24നാണ് മുഹമ്മദ് നാസർ ടിക്കറ്റ് വാങ്ങുന്നത്.

യുഎഇയിൽ കഴിഞ്ഞ 14 വർഷമായി മുഹമ്മദ് നാസർ പ്രവാസിയാണ്. ഇലക്ട്രീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ബം​ഗ്ലാദേശിലാണ്. `12 വർഷങ്ങൾക്ക് മുൻപാണ് മുഹമ്മദ് നാസർ ബി​ഗ് ടിക്കറ്റിനെ പറ്റി ആദ്യമായി കേൾക്കുന്നത്. അന്ന് മുതൽ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഓരോ മാസവും ടിക്കറ്റ് എടുക്കുമായിരുന്നു. പന്ത്രണ്ട് വർഷമായി ഞാൻ ബി​ഗ് ടിക്കറ്റെടുക്കുന്നുണ്ട്. ഒരിക്കൽ വിജയിക്കാൻ കഴിയും എന്ന പ്രതീക്ഷയുണ്ടായിരുന്നു മനസ്സിൽ. കഴിഞ്ഞ മാസമാണ് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ കൗണ്ടറിൽ നിന്ന് കൂട്ടുകാരോടൊപ്പം ചേർന്ന് ടിക്കറ്റ് വാങ്ങിയത്. വിജയിയായ വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. വിറയൽ ഇതുവരെ മാറിയിട്ടില്ല, എന്റെ സ്വപ്നം യാഥാർത്ഥ്യമായി. വിശ്വസിക്കാൻ കഴിയുന്നില്ല' - മുഹമ്മദ് നാസർ ബലാൽ പറയുന്നു.

അഞ്ച് പേർ ചേർന്നാണ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്ല്യമായി പങ്കുവെക്കുമെന്ന് മുഹമ്മദ് നാസർ പറഞ്ഞു. തനിക്ക് നാട്ടിൽ നല്ലൊരു വീട് വെക്കണമെന്നാണ് ആ​ഗ്രഹം. ബാക്കി തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഹമ്മദ് നാസർ പറഞ്ഞു. വിജയിയെ പ്രഖ്യാപിച്ച ഉടൻ തന്നെ പരിപാടിയുടെ അവതാരകരായ റിച്ചാർഡും ബൗഷ്റയും ഇദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ല. എങ്കിൽപ്പോലും ബി​ഗ് ടിക്കറ്റ് അധികൃതർ മുഹമ്മദ് നാസറുമായി ബന്ധപ്പെടാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ് അധികൃതർക്ക് മുഹമ്മദ് നാസറിനെ ബന്ധപ്പെടാൻ കഴിഞ്ഞത്.