പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.
കവൈത്ത് സിറ്റി: കുവൈത്തില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ ഡ്രൈവിങ് ലൈസന്‍സുകളുടെ സാധുത പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. മൈ ഐഡന്റിറ്റി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത് പരിശോധിക്കേണ്ടത്. രാജ്യത്ത് പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതിനും പുതുക്കുന്നതിനുമുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ ലൈസന്‍സുകള്‍ സ്വമേധയാ റദ്ദാക്കപ്പെടുന്ന സാഹചര്യത്തിലാണ് അറിയിപ്പ്.
പ്രവാസികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് എടുക്കാന്‍ കര്‍ശന വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിരിക്കെ, നിലവില്‍ ലൈസന്‍സ് ഉള്ളവര്‍ ഈ നിബന്ധനകള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കും. നിയമവിരുദ്ധമായി നേടിയ ലൈസന്‍സുകള്‍ അവയുടെ കാലാവധി തീരുംമുമ്പ് തന്നെ റദ്ദാവും. ലൈസന്‍സ് എടുത്തിട്ടുള്ളവരുടെ ജോലിയും ശമ്പളവും വിദ്യാഭ്യാസ യോഗ്യതയും പരിശോധിച്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിനെയും ഗതാഗത വകുപ്പിനെയും ബന്ധപ്പെടുത്തി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.
കഴിഞ്ഞ മാസങ്ങളില്‍ നൂറ് കണക്കിന് പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചിരുന്നു. റദ്ദായ ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവര്‍ പിടിയിലായാല്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പ്രവാസികളെ നാടുകടത്തുകയും ചെയ്യും. ഇത്തരത്തില്‍ നിരവധി പ്രവാസികള്‍ ട്രാഫിക് നിയമലംഘനത്തിന് പിടിലായിട്ടുണ്ട്. പ്രവാസികളുടെ തൊഴില്‍, താമസ, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പരിശോധനാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
