Asianet News MalayalamAsianet News Malayalam

ആസ്വാദനവും സംവാദവും; ഷാര്‍ജ പുസ്തകോത്സവം ആഘോഷമാക്കി പ്രവാസികള്‍

പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽ കാണുവാനും ആശയങ്ങളിൽ സംവദിക്കാനുമുള്ള അവസരമാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ പുസ്തകോൽസവം. വായന ആഴത്തിൽ വേരോടുന്ന പ്രവാസലോകത്തെ ആസ്വാദകരുമായുള്ള സംവാദം എഴുത്തുകാരെ സംബന്ധിച്ചും മനോഹരമായ അനുഭവമാവുകയാണ്.

expats celebrated Sharjah international book fair
Author
First Published Nov 14, 2022, 3:48 PM IST

ഷാര്‍ജ: മലയാൺമയുടെ ഉൽസവമായി മാറിയിരിക്കുകയാണ് വാക്കു പരക്കുന്ന ഷാര്‍ജ പുസ്തകോൽസവം. ആസ്വാദനവും സംവാദവും ചര്‍ച്ചകളും പുസ്തകവായനയുമൊക്കെയായി പ്രവാസികൾ മലയാളത്തെ ഇവിടെ ആഘോഷമാക്കുകയാണ്. പുതിയ എഴുത്തുകാര്‍ക്ക് അവസരങ്ങളുടെ വാതിൽ തുറന്നിടുക കൂടെയാണ് ഈ പുസ്തകോൽസവം.

പ്രിയപ്പെട്ട എഴുത്തുകാരെ നേരിൽ കാണുവാനും ആശയങ്ങളിൽ സംവദിക്കാനുമുള്ള അവസരമാണ് പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ പുസ്തകോൽസവം. വായന ആഴത്തിൽ വേരോടുന്ന പ്രവാസലോകത്തെ ആസ്വാദകരുമായുള്ള സംവാദം എഴുത്തുകാരെ സംബന്ധിച്ചും മനോഹരമായ അനുഭവമാവുകയാണ്. എഴുത്തിനെ കുറിച്ചുള്ള പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളും പങ്ക് വച്ചാണ് ജി ആര്‍ ഇന്ദുഗോപൻ വായനക്കാരുമായി സംവദിച്ചത്. ഒരാള്‍ മാത്രമായി ഉണ്ടാക്കിവെച്ചിരിക്കുന്ന ഒരു അത്ഭുത പ്രപഞ്ചമാണ് സാഹിത്യ രചനയെന്ന ചിന്തയുടെ കാലം അസ്തമിച്ചിരിക്കുന്നു. ഒരുപാട് അനുഭവങ്ങളില്‍ നിന്നും കൂട്ടായ്മകളില്‍ നിന്നുമാണ് ശരിയായ എഴുത്ത് പിറക്കുന്നത്. പലവിധത്തിലുള്ള കൂട്ടായ്മയില്‍ നിന്നും ആനന്ദത്തോടെ കണ്ടെത്തുന്ന ഒന്നായി സാഹിത്യം മാറിയിരിക്കുന്നു. സാഹിത്യം ശക്തമായ ജനാധിപത്യവത്കരണത്തിന് വിധേയമായിരിക്കുന്നുവന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Read More - 'പുതിയ കാലത്ത് സാഹിത്യം കൂടുതൽ ജനാധിപത്യവത്കരിക്കപ്പെട്ടു'; ആരുടെയും കുത്തകയല്ലെന്ന് ജി ആര്‍ ഇന്ദുഗോപൻ

പുസ്തകോൽസവ വേദികളിലൂടെ പുതിയ എഴുത്തുകാര്‍ കടന്നു വരുന്നത് നല്ല കാര്യമാണെന്നും അത് പരിഹസിക്കപ്പെടേണ്ടതല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളും ഇപ്പോൾ സാഹിത്യപ്രകാശനത്തിൻറെ വേദികളാണെന്ന് ഇന്ദുഗോപൻ പറഞ്ഞു. കഴിഞ്ഞ ഏഴര പതിറ്റാണ്ട് കൊണ്ട് കേരളീയ സമൂഹത്തിനുണ്ടായ പരിണാമങ്ങളെ കുറിച്ചായിരുന്നു സുനിൽ പി.ഇളയിടം സംവദിച്ചത്. മതബോധത്തെ സാമൂഹ്യബോധമാക്കി മാറ്റുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് അദ്ദേഹം വിമര്‍ശിച്ചു. എല്ലാ മനുഷ്യര്‍ക്കും തുല്യമായ അന്തസ് എന്ന കേരളീയ സങ്കൽപം പതിയെ ഇല്ലാതാകുന്നു. പുതിയ കാലത്ത് നമ്മൾ ആധുനിക സമൂഹമാണോയെന്ന് ഓരോ മലയാളിയും ചിന്തിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു

മലയാളത്തിന് പുറത്തു നിന്നുള്ള പ്രശസ്ത എഴുത്തുകാരുടെ സംവാദങ്ങളും വായനക്കാരെ സംബന്ധിച്ച് പുതിയ അനുഭവമായിരുന്നു. ബുക്കര്‍പ്രൈസ് ജേതാവ് ഗീതാഞ്ജലി ശ്രീയുമായുള്ള സംവാദം അത്തരത്തിലൊന്നായിരുന്നു. ഇന്ത്യന്‍ എഴുത്തുകാരിയായ ഗീതാഞ്ജലി ശ്രീ 2018-ല്‍ എഴുതിയ റേത്ത് സമാധി എന്ന ഹിന്ദി നോവലിന്റെ ഇംഗ്ലീഷ് വിവര്‍ത്തനമായ ടോമ്പ് ഓഫ് സാന്റ്‌സ് എന്ന കൃതിക്കാണ് 2022-ലെ ബുക്കര്‍ പ്രൈസ് ലഭിക്കുന്നത്.ഈ നോവല്‍ ഹിന്ദിയില്‍ നിന്നും ഇംഗ്ലീഷിലേക്കും ഫ്രഞ്ചിലേക്കും വിവര്‍ത്തനം നടത്തിയപ്പോള്‍ കഥയുടെ സൗന്ദര്യത്തിന് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ല. ഭാഷകള്‍ക്ക് അതിര്‍വരമ്പുകളില്ല, ഓരോ ഭാഷക്കും അതിന്റേതായ സൗന്ദര്യവും സ്വന്തമായ അസ്തിത്വവുമുണ്ടെന്ന് അവര്‍ പറഞ്ഞു.

Read More -  15 ലക്ഷം പുസ്തകങ്ങളുമായി 41-ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവം

പുതിയ കൃതികളുടെ പ്രകാശനത്തിനൊപ്പം തന്നെ കവിതകൾ ചൊല്ലിയും ഷാര്‍ജ പുസ്തകമേളയുടെ സാഹിത്യവേളകൾ സമ്പന്നമായി മാറി. വ്യവസായ മേഖലയിൽ നിന്നുള്ള ഒട്ടേറെ പ്രമുഖരുടെ പുസ്തകങ്ങളും പുസ്തകോൽസവത്തിൽ ശ്രദ്ധേനേടി. പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടൻറ് രാജു മേനോൻറെ ആത്മകഥ ദ വ്യൂ ഫ്രം മൈ പെര്‍ച്ച്, ജഹാംഗീര്‍ ഇളയേടത്തിൻറെ കഥാസമാഹരം താവളം നിര്‍മിക്കുന്നവര്‍ തുടങ്ങിയ പുതിയ പുസ്തകങ്ങളിൽ ശ്രദ്ധേയമായി. എംഎം ഹസൻറെ ആത്മകഥയുടെ പുതിയ പതിപ്പും സി.ദിവാകരൻറെ ലേഖന സമാഹാരങ്ങളും പുസ്തകോൽസവത്തിൽ പ്രകാശനം ചെയ്തു

ഷാര്‍ജ പുസ്തകോൽസവത്തിൽ ചിത്രപ്രദര്‍ശനം നടത്തുന്ന ആദ്യവ്യക്തിയെന്ന ബഹുമതിയോടെ കോട്ടയം നസീറും പുസ്തകോൽസവത്തിൽ ഇടം നേടി. വ്യവസായി യൂസഫലിയുടെ ജീവിതത്തെ ആസ്പദമാക്കി ലോകത്തെ ഏറ്റവും വലിയ റോളിങ് കാര്‍ട്ടൂണും പുസ്തകോൽസവത്തിൽ ശ്രദ്ധേയമായി. കോഴിക്കോട് സ്വദേശി റോഷ്നയാണ് ഈ കാര്‍ട്ടൂണ്‍ തയാറാക്കിയത്. മാസങ്ങളുടെ അധ്വാനമാണ് ഗിന്നസ് റെക്കോര്‍ഡിൽ ഇടം നേടിയ ഈ കാര്‍ട്ടൂണിലുള്ളത്.

എംഎ യൂസഫലി നേരിട്ട് പുസ്തകോൽവസത്തിനെത്തി റോഷ്നയെ അഭിനന്ദിക്കുകയും ചെയ്തു.മലയാളി എഴുത്തുകാരുടെ മുന്നൂറ്റന്പതോളം പുസ്തകങ്ങളാണ് ഈ മേളയിൽ പ്രകാശിതമായത്. മലയാളത്തിലെ പ്രധാനപ്പെട്ട കൃതികളെല്ലാം തന്നെ വായനക്കാരിലേക്ക് എത്തിക്കാനാകുന്ന എന്ന പ്രത്യേകതയും ഷാര്‍ജ പുസ്തകോൽവസത്തിനുണ്ട്.

Follow Us:
Download App:
  • android
  • ios