റിയാദ്: സൗദി അറേബ്യയിലുള്ള പ്രവാസികളില്‍ ഇതുവരെ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കത്തവര്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പാസ്‍പോര്‍ട്ട് (ജവാസാത്ത്) അറിയിച്ചു. സൗദിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഡയറക്ടറേറ്റിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജവാസാത്ത് ഓഫീസുകള്‍ സന്ദര്‍ശിച്ച് ഇലക്ട്രോണിക് സംവിധാനത്തില്‍ വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

പ്രവാസകളും സൗദിയില്‍ താമസിക്കുന്ന അവരുടെ ആശ്രിതരും ഇത്തരത്തില്‍ ബയോമെട്രിക് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. അല്ലാത്തവര്‍ക്ക് ജവാസാത്തിന്റെ വിവിധ സേവനങ്ങള്‍ ലഭ്യമാവുകയില്ല. വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ജവാസാത്തിന്റെ കംപ്യൂട്ടര്‍ സിസ്റ്റം വഴി എന്തെങ്കിലും ഇടപാടുകള്‍ നടത്താനും നടപടികള്‍ പൂര്‍ത്തീകരിക്കാനോ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എല്ലാ ഗവര്‍ണറേറ്റുകളിലും പ്രത്യേക സ്ഥലങ്ങളില്‍ വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സംവിധനം ഒരുക്കിയിട്ടുണ്ട്. വിശദാംശങ്ങള്‍ www.gdp.gov.sa എന്ന വെബ്‍സൈറ്റില്‍ ലഭ്യമാണ്.