ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിനാണ് പരമാവധി പതിനഞ്ച് ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.

റിയാദ്: ഒളിച്ചോടിയതായി (ഹുറൂബ്) രേഖപ്പെടുത്തിയ വിദേശ തൊഴിലാളികൾ സ്പോൺസർഷിപ്പ് മാറ്റ നടപടികൾ 15 ദിവസത്തിനകം പൂർത്തിയാക്കണമെന്ന് സൗദി മാനവവിഭവശേഷി മന്ത്രാലയം. ഈ സമയപരിധിക്കുള്ളിൽ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാത്ത പക്ഷം തൊഴിലാളി ഹുറൂബിൽ തന്നെ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് തൊഴിൽ നിയമങ്ങളിൽ വരുത്തിയ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് മന്ത്രാലയം വിശദീകരണം നൽകിയത്. ജോലിയിൽ നിന്നും വിട്ട് നിൽക്കുന്നതായി തൊഴിലുടമ റിപ്പോർട്ട് ചെയ്ത വിദേശ തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റത്തിനാണ് പരമാവധി പതിനഞ്ച് ദിവസം അനുവദിക്കുകയെന്ന് മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു.
ഹുറൂബ് നടപടികളിൽ ഇളവ് തേടി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും ശേഷം മന്ത്രാലയം ട്രാൻസ്ഫറിന് അനുമതി ലഭ്യമാക്കുകയും ചെയ്യുന്ന അവസരത്തിലാണ് നിശ്ചിത സമയപരിധി ബാധകമാകുക.

സ്പോൺസർഷിപ്പ് മാറുമ്പോൾ തൊഴിലാളിയുടെ പേരിൽ നിലവിലുള്ള കുടിശ്ശികയുൾപ്പെടെ പുതിയ സ്പോൺസർ ഏറ്റെടുക്കേണ്ടി വരും. ഹുറൂബ് രേഖപ്പെടുത്തിയത് മുതൽ പഴയ സ്പോൺസർക്ക് തൊഴിലാളിയുടെ മേൽ യാതൊരു ബാധ്യതയും നിലനിൽക്കില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Read More -  മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ 10,000 റിയാല്‍ വരെ പിഴ; കടുപ്പിച്ച് സൗദി

അതേസമയം സൗദിയിൽ ബിനാമി ബിസിനസ് വിരുദ്ധ നടപടികളുടെ ഭാഗമായി ഈ വർഷം രജിസ്റ്റർ ചെയ്ത 450-ലധികം കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഇതുവരെയായി കണ്ടെത്തിയ 450-ൽപരം ബിനാമി വിരുദ്ധ കേസുകൾ തുടർ നടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ അൽഹുസൈൻ വെളിപ്പെടുത്തി. 

Read More -  സൗദി അറേബ്യയില്‍ ഗ്യാസ് സിലിണ്ടർ വിൽപന കേന്ദ്രങ്ങളുടെ പദവി ശരിയാക്കാനുള്ള കാലാവധി നീട്ടി

‘തസത്തുർ’ പ്രോഗ്രാം വഴി ബന്ധിപ്പിച്ച് വിവിധ ഏജൻസികളുടെ സഹായത്തോടെയാണ് ബിനാമി ഇടപാടുകൾ കണ്ടെത്തുന്നത്. ഇതിനായി ഈ വർഷം 1,27,000-ത്തിലധികം ഫീൽഡ് പരിശോധനകൾ സംഘടിപ്പിച്ചു. ബിനാമി നിയമം ലംഘിച്ച 646 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ഇത് വഴി 14 ദശലക്ഷം റിയാലിലധികം പിഴയായി ഈടാക്കി.