ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സന്ദര്‍ശകരില്‍ മൂന്നിലൊന്നും യുഎഇയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, യുകെ, യുഎസ്എ, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്.

ദുബൈ: എക്‌സ്‌പോ 2020 ദുബൈ(Expo 2020 Dubai) വിജയകരമായി പകുതി വഴി പിന്നിട്ടു. ആറുമാസം നീളുന്ന മേളയില്‍ മൂന്നു മാസത്തിനിടെ 90 ലക്ഷം സന്ദര്‍ശകരാണ് എത്തിയതെന്ന് അധികൃതര്‍ ചൊവ്വാഴ്ച അറിയിച്ചു. മാര്‍ച്ച് 31നാണ് എക്‌സ്‌പോ സമാപിക്കുക.

ഒക്ടോബര്‍ മുതല്‍ തുടങ്ങിയ മേളയില്‍ ഡിസംബര്‍ വരെയെത്തിയത് 8,958,132 പേരാണ്. ഡിസംബര്‍ മാസം നടന്ന വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികള്‍ സന്ദര്‍ശകരുടെ എണ്ണം കുത്തനെ ഉയരാന്‍ കാരണമായി. കായിക പ്രകടനങ്ങള്‍, സംഗീത സന്ധ്യ, സാംസ്‌കാരിക പരിപാടികള്‍ എന്നിവ എക്‌സ്‌പോയിലേക്ക് ജനങ്ങളെ ആകര്‍ഷിച്ചു.

ഒക്ടോബര്‍ ഒന്നുമുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സന്ദര്‍ശകരില്‍ മൂന്നിലൊന്നും യുഎഇയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. ഇന്ത്യ, ജര്‍മനി, ഫ്രാന്‍സ്, യുകെ, യുഎസ്എ, റഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്. 47 ശതമാനം പേരും എക്‌സ്‌പോയുടെ സീസണ്‍ പാസുകള്‍ വാങ്ങി എത്തിയവരാണ്. പൊതുഗതാഗതം പ്രയോജനപ്പെടുത്തിയാണ് ധാരാളം ആളുകള്‍ എക്‌സ്‌പോയില്‍ എത്തുന്നത്. മൂന്നുമാസത്തിനിടെ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 8,902 ഭരണാധികാരികള്‍ എക്‌സ്‌പോ സന്ദര്‍ശിച്ചിട്ടുണ്ട്. പ്രസിഡന്റുമാര്‍, മന്ത്രിമാര്‍, ഭരണ തലവന്‍മാര്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ ഇതില്‍പ്പെടും. എക്‌സ്‌പോ സ്‌കൂള്‍ പ്രോഗ്രാം വഴി മൂന്നര ലക്ഷത്തോളം കുട്ടികളും മേളയിലെത്തി. എക്‌സ്‌പോയ്ക്ക് സമാപനം കുറിക്കാന്‍ ഇനി 86 ദിവസം മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പ് എക്‌സ്‌പോ കാണാന്‍ ശ്രമിക്കണമെന്നാണ് സംഘാകര്‍ ഓര്‍മ്മപ്പെടുത്തുന്നത്.