വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. യുഎഇയുടെ സംസ്കാരത്തെ ഇവിടെ എത്തുന്ന സന്ദര്‍ശകരും മാനിക്കണമെന്നാണ് സ്വദേശികളില്‍ പലരും അഭിപ്രായപ്പെടുന്നത്. എന്ത് ധരിച്ചാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. 

ദുബായ്: ദുബായിലെ പൊതുസ്ഥലങ്ങളില്‍ മാന്യമല്ലാത്ത തരത്തില്‍ വസ്ത്രം ധരിക്കുന്നത് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന് നിയമ വിദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ദുബായിലെ ഒരു ഷോപ്പിങ് മാളിലെത്തിയ സ്ത്രീയോട് അവിടുത്തെ സെക്യൂരിറ്റി ജീവനക്കാരന്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിലെ നിയമവശങ്ങള്‍ വ്യക്തമാക്കി യുഎഇ മാധ്യമമായ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഷോപ്പിങ് മാളില്‍ ധരിക്കാനായി സെക്യൂരിറ്റി ജീവനക്കാരന്‍ സ്ത്രീയ്ക്ക് 'അബായ' നല്‍കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിക്കുന്നത്. യുഎഇയുടെ സംസ്കാരത്തെ ഇവിടെ എത്തുന്ന സന്ദര്‍ശകരും മാനിക്കണമെന്നാണ് സ്വദേശികളില്‍ പലരും അഭിപ്രായപ്പെടുന്നത്. എന്ത് ധരിച്ചാലും തങ്ങള്‍ക്ക് പ്രശ്നമില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വസ്ത്രധാരണത്തിന് പരിധി നിശ്ചയിക്കുന്ന നിയമങ്ങള്‍ യുഎഇയില്‍ ഇല്ലെങ്കിലും ഫെഡറല്‍ പീനല്‍ കോഡ് അനുസരിച്ച് പൊതുസ്ഥലത്ത് മാന്യമല്ലാത്ത എന്തും ശിക്ഷാര്‍ഹമാണ്. ഇതിന് ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. തുടര്‍ന്ന് നാടുകടത്തുകയും ചെയ്യുമെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.

മാന്യമായി വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെടുന്ന ബോര്‍ഡുകള്‍ ദുബായിലെ മിക്ക ഷോപ്പിങ് മാളുകളിലും കാണാനുമാവും. സന്ദര്‍ശകര്‍ മാന്യമായി വസ്ത്രം ധരിക്കണമെന്ന് യുഎഇ സര്‍ക്കാറിന്റെ ഔദ്ദ്യോഗിക വെബ്സൈറ്റിലും വ്യക്തമാക്കുന്നുണ്ട്. സ്വദേശികള്‍ പരമ്പരാഗത വസ്ത്രം ധരിക്കുന്നവരാണെന്നും മാന്യമല്ലാതെയും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായതുമായ വസ്ത്രധാരണം അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം എന്നുമാണ് വെബ്സൈറ്റിലെ പരാമര്‍ശം. തോളുകളും കൈകളും കാലുകളും മറയ്ക്കുന്ന അയഞ്ഞ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും കൂടുതല്‍ നല്ലതായിരിക്കുമെന്നും ഔദ്ദ്യോഗിക വെബ്സൈറ്റ് പറയുന്നു.

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഇക്കാര്യത്തില്‍ പ്രത്യേക നിയമമൊന്നുമില്ലെന്നാണ് യുഎഇയിലെ നിയമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും അഭിപ്രായപ്പെടുന്നത്. സ്വിം സ്യൂട്ടുകളും സമാനമായ വസ്ത്രധാരണവും ബീച്ചുകളിലും സ്വിമ്മിങ് പൂളുകളിലും മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. മാന്യമല്ലെന്ന് തോന്നുന്ന വസ്ത്രധാരണത്തിന്റെ പേരില്‍ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയോ പിഴ ചുമത്തുകയോ ചെയ്തേക്കാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.