മക്കയ്ക്കും മദീനയ്ക്കുമിടയിൽ സഞ്ചരിക്കാനുള്ള ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള അവസരമാണ് ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്നത്. 

റിയാദ്: ഹജ്ജ് തീർഥാടകർക്ക് തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനോടൊപ്പം മക്കയ്ക്കും മദീനയ്ക്കുമിടയിൽ സഞ്ചരിക്കാനുള്ള ഹറമൈൻ ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നു. ഇതിനായി സൗദി അറേബ്യൻ റെയിൽവേ കമ്പനിയും (സാർ) ഫ്ലൈനാസും പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു. ഏകീകൃത റിസർവേഷൻ സംവിധാനത്തിനുള്ളിൽ ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ ടിക്കറ്റും വിമാന ടിക്കറ്റും ഒരുമിച്ച് ബുക്ക് ചെയ്യാനാവും.

ദുബൈയിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ് എക്‌സിബിഷനിൽ ഉദ്ഘാടനം ചെയ്ത ഈ സംവിധാനം വഴി എയർലൈൻ, ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇത് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുകയും വ്യോമ, റെയിൽ ഗതാഗതം സംയോജിപ്പിക്കുകയും യാത്രയുടെ ആസൂത്രണം കൂടുതൽ എളുപ്പമാക്കുകയും ചെയ്യും.

Read Also -  ഇന്ത്യ-പാക് സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കണം

ഉത്തരാഫ്രിക്ക-മധ്യപൂർവേഷ്യൻ മേഖലയിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിലൊന്നിെൻറ നടത്തിപ്പുകാരാണ് സൗദി അറേബ്യൻ റെയിൽവേ കമ്പനി. 5500 കിലോമീറ്ററിലേറെ വ്യാപിച്ചുകിടക്കുന്നതാണ് സൗദി റെയിൽവേ ശൃംഖല. യാത്രക്കാരെ കൂടാതെ ധാതുക്കൾ, ഇതര ചരക്കുകൾ എന്നിവയുടെ ഗതാഗതത്തിനും കൂടിയുണ്ട് നോർത്തേൺ റെയിൽവേ (റിയാദ്-അൽ ഹദ), ഈസ്റ്റേൺ റെയിൽവേ (ദമ്മാം-റിയാദ്), ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ (മക്ക-മദീന), മശാഇർ റെയിൽവേ (മക്കയിലെ പുണ്യസ്ഥലങ്ങൾക്കിടയിൽ) എന്നീ നാല് റെയിൽവേ ശൃംഖലകളാണ് ഈ സംവിധാനത്തിനുള്ളിലുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം