നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും മേഖലയിലെ ജനങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കാനും സൗദി അറേബ്യ ആഹ്വാനം ചെയ്തു. 

റിയാദ്: ഇന്ത്യ-പാകിസ്ഥാന്‍ സംഘർഷത്തിലും അതിര്‍ത്തി പ്രദേശങ്ങളിലെ തുടര്‍ച്ചയായ വെടിവെപ്പിലും ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാനും നയതന്ത്ര മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാനും സൗദി അറേബ്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു. നല്ല അയല്‍ബന്ധങ്ങളിലെ തത്വങ്ങളെ ബഹുമാനിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

മേഖലയിലെ ജനങ്ങളുടെ സ്ഥിരതക്കും സമാധാനത്തിനുമായി പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളോടും സൗദി അറേബ്യ ആഹ്വാനം ചെയ്തു. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍, പാക് വിദേശകാര്യ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. 

Read Also - ചവറ്റുകുട്ടയിലെ രക്തം പുരണ്ട വസ്ത്രങ്ങൾ നിർണായകമായി, പ്രവാസിയെ കൊന്ന് മരുഭൂമിയിൽ തള്ളിയ പ്രതിക്ക് വധശിക്ഷ

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യ-പാകിസ്ഥാൻ ബന്ധം വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സമാധാന ശ്രമങ്ങൾക്ക് പിന്തുണയുമായി ഖത്തറും രംഗത്തെത്തി. ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനി, പാകിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദാറുമായി തിങ്കളാഴ്ച നടത്തിയ ഫോൺ സംഭാഷണത്തിലാണ് സമാധാന ശ്രമങ്ങൾക്ക് ഖത്തറിന്റെ പിന്തുണ വാഗ്ദാനം ചെയ്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം