കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

ദുബായ്: ഗള്‍ഫ് രാജ്യങ്ങളിലെല്ലാം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് ഭീഷണിയുള്ളതായി ജിസിസി രാജ്യങ്ങളിലൊന്നും അധികൃതര്‍ അറിയിച്ചിട്ടില്ല. എന്നാല്‍ ഇവിടങ്ങളില്‍ പ്രവാസികളടക്കമുള്ള ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളാണ്. ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്ത പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇത്തരം അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രമേ ആശ്രയിക്കാവൂ എന്നും ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

കൊറണയെ സംബന്ധിച്ചുള്ള വ്യാജ വാര്‍ത്തകള്‍ക്ക് സാമൂഹിക മാധ്യമങ്ങളിലും വാട്സ്ആപ് ഗ്രൂപ്പുകളിലും വലിയ പ്രചാരണമാണ് ലഭിക്കുന്നത്. ഇത് ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നുണ്ട്. നേരത്തെ അബുദാബിയില്‍ സായിദ് യൂണിവേഴ്‍സിറ്റിയില്‍ ചിലര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചു. ഇതും സര്‍വകലാശാല അധികൃതര്‍ നിഷേധിച്ചു. പൊതുജനങ്ങളിലും വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും ഭീതി ഉണ്ടാക്കുന്ന വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍വകലാശാല അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

സ്കൂള്‍ അവധികള്‍ സംബന്ധിച്ചും വ്യാജ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ സംബന്ധിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും അഭ്യര്‍ത്ഥിച്ചു. വൈറസ് ബാധയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മന്ത്രാലയമാണ് ഔദ്യോഗിക വാര്‍ത്താ ഉറവിടമെന്നും അധികൃതര്‍ അറിയിച്ചു.