അൽ വലീദ് രാജകുമാരൻ കോമയിൽ നിന്ന് ഉണരുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്തെന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
റിയാദ്: സൗദിയിലെ ഉറങ്ങുന്ന രാജകുമാരനെപ്പറ്റി കേട്ടിട്ടുണ്ടായിരിക്കുമല്ലോ? കഴിഞ്ഞ 20 വർഷമായി കോമയിൽ കഴിയുന്ന അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരനാണ് `സ്ലീപ്പിങ് പ്രിൻസ്' എന്ന പേരിൽ അറിയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അൽ വലീദ് രാജകുമാരൻ കോമയിൽ നിന്ന് ഉണരുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്തെന്ന തരത്തിലുള്ള വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ കണ്ട ശേഷം നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്.
എന്നാൽ, പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്നുള്ള പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ കാണിക്കുന്നത് അൽ വലീദ് രാജകുമാരൻ അല്ലെന്നും സൗദി വ്യവസായിയും മോട്ടോർസ്പോർട്സ് താരവുമായ യസീദ് മുഹമ്മദ് അൽ രാജ്ഹി ആണെന്നും വ്യക്തമായിരിക്കുകയാണ്. സൗദി രാജകുമാരൻ കോമയിൽ നിന്നുണർന്നു എന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു ഈ വീഡിയോക്കൊപ്പം പ്രചരിച്ചിരുന്നത്. യസീദിനും കൂടെയുണ്ടായിരുന്ന ടിമോ ഗോട്ട്ഷാൽക്കിനും സംഭവിച്ച അപകട വാർത്ത 2025 ഏപ്രിൽ 12ന് യസീദ് റേസിങ് ടീം ആണ് പുറത്തുവിട്ടത്. സുഖം പ്രാപിച്ച ശേഷം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കാണുന്ന യസീദിന്റെ വീഡിയോയാണ് അൽ വലീദ് രാജകുമാരനാണെന്ന പേരിൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഏകദേശം രണ്ട് പതിറ്റാണ്ടായി അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ കോമയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ഇതുവരെയും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. 2005ൽ ഉണ്ടായ ഒരു കാർ അപകടത്തെ തുടർന്നാണ് അൽ വലീദ് രാജകുമാരൻ ഈ അവസ്ഥയിലേക്കെത്തുന്നത്. അന്ന് സൈനിക കോളേജിലെ പഠനകാലമായിരുന്നു. അപകടത്തെ തുടർന്ന് കോമയിലാവുകയായിരുന്നു. ജീവിതത്തിലേക്ക് ഇനി ഒരിക്കലും തിരിച്ചുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് വെന്റിലേറ്ററിൽ നിന്ന് മാറ്റാം എന്ന് തീരുമാനിച്ചെങ്കിലും അൽ വലീദ് രാജകുമാരന്റെ പിതാവ് തടയുകയായിരുന്നു. അതേ തുടർന്നാണ് ചലനമറ്റ് പുറം ലോകത്തെപ്പറ്റിയറിയാതെ അൽ വലീദ് കോമയിൽ തന്നെ തുടരുന്നത്. എന്നാൽ 2019ൽ അദ്ദേഹത്തിന്റെ വിരലുകൾ ചലിച്ചിരുന്നു. തലയും ചെറുതായി ചലിച്ചു. എന്നാൽ പിന്നീട് വീണ്ടും യാതൊരു പുരോഗതിയും ആരോഗ്യ നിലയിൽ രേഖപ്പെടുത്തിയിട്ടില്ല.
ലോകത്തെ വലിയ കോടീശ്വരന്മാരിൽ ഒരാളായ ഖാലിദ് ബിൻ തലാൽ അൽ സഊദ് രാജകുമാരന്റെയും റീമ ബിൻത് തലാൽ രാജകുമാരിയുടെയും മകനാണ് അൽ വലീദ്. ലോകത്ത് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ചികിത്സയാണ് അൽ വലീദിനായി നൽകുന്നത്. റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലാണ് രാജകുമാരനെ പരിചരിക്കുന്നത്. ട്യൂബ് വഴിയാണ് ഭക്ഷണം നൽകി വരുന്നത്. വെന്റിലേറ്ററിൽ നിന്ന് മാറ്റിയാൽ മരണം സംഭവിച്ചേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


