മിസ്അബിന് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ജോലി മതിയാക്കി തിരികെ പോയ സാറ, പിന്നീട് ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിക്കുകയും ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയുമായിരുന്നു.

റിയാദ്: ഇരുപത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം കാതങ്ങള്‍ താണ്ടി സാറയെത്തി, താന്‍ പോറ്റിവളര്‍ത്തിയ മകന്‍ മിസ്അബിന്‍റെ ജീവിതത്തിലേക്ക് പുതിയ സന്തോഷം എത്തുന്നതിന് സാക്ഷിയാകാന്‍. ചില ബന്ധങ്ങള്‍ രക്തബന്ധത്തെക്കാള്‍ ദൃഡമാകുന്നത് മനസ്സുകള്‍ തമ്മിലുള്ള അടുപ്പം കൊണ്ടാണ്. ഫിലിപ്പീന്‍സ് സ്വദേശിയായ സാറയും സൗദി പൗരനായ മിസ്അബ് അല്‍ഖതീബും തമ്മിലുള്ള ബന്ധം നിര്‍വ്വചനങ്ങള്‍ക്കപ്പുറമുള്ള ഇഴയടുപ്പത്തിന്‍റേത് കൂടിയാണ്.

സാറയുടെ കൈ പിടിച്ചാണ് മിസ്അബ് ആദ്യ ചുവടുകള്‍ വെച്ചത്. പതിനാറു വര്‍ഷത്തോളം റിയാദില്‍ മിസ്അബിന്‍റെ വീട്ടിലെ ജോലിക്കാരിയായിരുന്നു സാറ. കുഞ്ഞു മിസ്അബിനെ ഊട്ടിയും ഉറക്കിയും സാറ അവന് പോറ്റമ്മയായി. മിസ്അബിന് ആറോ ഏഴോ വയസ്സുള്ളപ്പോള്‍ ജോലി മതിയാക്കി തിരികെ പോയ സാറ, പിന്നീട് ഒരു അമേരിക്കന്‍ പൗരനെ വിവാഹം കഴിക്കുകയും ലോകരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വരികയുമായിരുന്നു. യാത്രക്കിടെ ഫ്രാന്‍സില്‍ വെച്ചാണ് മിസ്അബിന്‍റെ കുടുംബം അദ്ദേഹത്തിന്‍റെ വിവാഹ വിവരം പറയാന്‍ സാറയെ വിളിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കാനെത്തുമെന്ന് സാറ ഉറപ്പും നല്‍കി.

Read Also -  ബാലിയും തായ്‍ലന്‍ഡുമൊന്നുമല്ല, പ്രകൃതി കനിഞ്ഞ ഇവിടം ഇപ്പോള്‍ വിനോദസഞ്ചാരികൾക്ക് പ്രിയങ്കരം

റിയാദിലെത്തിയ സാറയെ പൂക്കള്‍ നല്‍കി കുടുംബം സ്വീകരിച്ചു. 21 വര്‍ഷങ്ങള്‍ ആ ഒരൊറ്റ നിമിഷത്തില്‍ ഒന്നുമല്ലാതെയായി. മിസ്അബിന്‍റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇത്രയും ദൂരെ നിന്നും സാറയെത്തിയതില്‍ എല്ലാവരും ഏറെ സന്തോഷത്തിലാണെന്ന് സാറയുടെ പഴയ സ്പോണ്‍സര്‍ നൂറ ബിന്‍ത് സ്വാലിഹ് അല്‍അരീഫി പറഞ്ഞു. തങ്ങളുടെ കുടുംബത്തിനു വേണ്ടി സാറ സഹിച്ച ത്യാഗങ്ങളും തന്‍റെ മാതാവിനെ രോഗശയ്യയില്‍ സാറ പരിചരിച്ചതും കുടുംബം ഇന്നുവരെ മറന്നിട്ടില്ലെന്നും നൂറ അല്‍അരീഫി പറഞ്ഞു. മിസ്അബിന്‍റെ വിവാഹത്തിൽ പങ്കെടുത്തും ഏറെ നേരം റിയാദിൽ ചെലവിട്ടും സാറ മടങ്ങി, ദേശത്തിനും ഭാഷയ്ക്കും പണത്തിനും അപ്പുറം മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്‍റെയും സ്നേഹത്തിന്‍റെയും പുതിയ അധ്യായം രചിച്ചുകൊണ്ട്. 

Scroll to load tweet…