വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ (ഹസാര്‍ഡ് ലൈറ്റുകള്‍) ഉപയോഗിക്കുന്നത് സംബന്ധിച്ച് ആളുകളില്‍ ചില തെറ്റിദ്ധാരണകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അബുദാബി: രാജ്യത്ത് മഞ്ഞുകാലം തുടങ്ങിയതോടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള മുന്നറിയിപ്പുകളുമായി അബുദാബി പൊലീസ്. റോഡില്‍ കാഴ്ച വ്യക്തമാകാത്ത സമയങ്ങളില്‍ വാഹനം നിര്‍ത്തിയടണം. വാഹനങ്ങള്‍ തമ്മില്‍ എപ്പോഴും സുരക്ഷിതമായ അകലം പാലിക്കണമെന്നും ട്രാഫിക് ആന്റ് പട്രോള്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് അല്‍ ഖലീലി അറിയിച്ചു.

വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ മുന്നറിയിപ്പ് ലൈറ്റുകള്‍ (ഹസാര്‍ഡ് ലൈറ്റുകള്‍) ഉപയോഗിക്കുന്നത് സംബന്ധിച്ച് ആളുകളില്‍ ചില തെറ്റിദ്ധാരണകളുണ്ടെന്നും അധികൃതര്‍ പറഞ്ഞു. നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മറ്റ് വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് ഈ ലൈറ്റുകള്‍ ഉപയോഗിക്കുന്നത്. മഞ്ഞുള്ള സമയങ്ങളില്‍ ഗതാഗത നിയമം പാലിക്കാതെ വാഹനമോടിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റുകള്‍ വരെ ശിക്ഷയുമുണ്ടാകുമെന്നും അബുദാബി പൊലീസ് അറിയിച്ചു.

മഞ്ഞുള്ള സമയങ്ങളില്‍ ലോ ബീം ലൈറ്റ് മാത്രമേ ഉപയോഗിക്കാവൂ. ഈ സമയങ്ങളിൽ ഓവർടേക്ക് ചെയ്യാനോ റോഡിലെ ലേൻ മാറാനോ പാടില്ല. കാഴ്ച കുറഞ്ഞാൽ വാഹനം റോഡിൽനിന്നും സുരക്ഷിത അകലത്തിലേക്ക് മാറ്റി നിർത്തിയിടണം. ലോ ബീം ലൈറ്റിടാതെ വാഹനമോടിക്കുന്നവർക്ക് 500 ദിർഹം പിഴയും നാലു ബ്ലാക്ക് പോയിന്റും ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.