റിക്രൂട്ട്മെന്‍റ് തട്ടിപ്പിനിരയായ വ്യക്തി പൊലീസിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു.

ഫുജൈറ: ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ റിക്രൂട്ട്മെന്‍റ് നടത്തിയ യുവതിക്ക് ശിക്ഷ വിധിച്ച് കോടതി. ഫുജൈറ ഫെഡറല്‍ പ്രാഥമിക കോടതിയാണ് യുവതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തിയത്. ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള ലൈസന്‍സില്ലാതെയാണ് യുവതി ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്‍റ് നടത്തിയത്. 

റിക്രൂട്ട്മെന്‍റ് തട്ടിപ്പിനിരയായ വ്യക്തി പൊലീസിന്‍റെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴി യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു. ഗാര്‍ഹിക തൊഴിലാളിയെ എത്തിക്കുന്നതിനായി 8,500 ദിര്‍ഹം വാങ്ങിയെന്നും പിന്നീട് ചതിച്ചെന്നുമാണ് ഇയാള്‍ പരാതി നല്‍കിയത്. ഗാര്‍ഹിക തൊഴിലാളിയെ എത്തിച്ചെങ്കിലും അവരുടെ തിരിച്ചറിയല്‍ രേഖകളൊന്നും യുവതി പരാതിക്കാരന് കൈമാറിയിരുന്നില്ല. രേഖകളൊന്നും ലഭിക്കാത്തതിനാല്‍ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇയാള്‍ക്ക് സാധിച്ചില്ല. രേഖകള്‍ ആവശ്യപ്പെട്ട് യുവതിയെ ബന്ധപ്പെട്ടെങ്കിലും രേഖകള്‍ കിട്ടിയാല്‍ ഉടന്‍ കൈമാറാമെന്നാണ് ഇവര്‍ അറിയിച്ചത്. പിന്നീടും പലതവണ ഇത് ആവശ്യപ്പെട്ടെങ്കിലും യുവതി രേഖകള്‍ നല്‍കിയില്ലെന്ന് പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്ന് വാങ്ങിയ പണം ഇയാള്‍ തിരികെ ചോദിച്ചു. ഇതും ലഭിക്കാതെ വന്നതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

Read More - മക്കളെ പഠിപ്പിക്കാന്‍ ഫോണിന്‍റെ ചാര്‍ജര്‍ കേബിള്‍ കൊണ്ട് തല്ലി; യുഎഇയില്‍ മാതാവിന് ശിക്ഷ

എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ യുവതി ആദ്യം നിഷേധിച്ചിരുന്നു. ഗാര്‍ഹിക തൊഴിലാളിക്കൊപ്പം തിരിച്ചറിയല്‍ രേഖകളും കൈമാറിയിരുന്നതായി ഇവര്‍ പറഞ്ഞു. റെസിഡന്‍സി നടപടികള്‍ പൂര്‍ത്തിയാക്കാനായി പരാതിക്കാരന്‍ ഈ രേഖകള്‍ തിരികെ നല്‍കിയെന്നും തൊഴിലാളികളുടെ തിരിച്ചറിയല്‍ രേഖകള്‍ എത്തിക്കുന്ന ഡ്രൈവര്‍ ഈ രേഖകള്‍ പിടിച്ചുവെച്ചെന്നുമാണ് യുവതി പറഞ്ഞത്. ലൈസന്‍സുള്ള സ്ഥാപനത്തിലാണ് താന്‍ ജോലി ചെയ്യുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

Read More -  മയക്കുമരുന്ന് കടത്ത്; രണ്ട് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

എന്നാല്‍ പബ്ലിക് പ്രോസിക്യൂഷന്‍റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. ആളുകളെ ജോലിക്ക് എത്തിച്ചു കൊടുക്കുന്നതിനായി പെര്‍മിറ്റ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ ഇടനിലക്കാരിയാണ് താനെന്ന് യുവതി വിശദമാക്കി. തുടര്‍ന്നാണ് യുവതിക്ക് കോടതി പിഴ വിധിച്ചത്.