തീപിടിത്തത്തില്‍ ആളപായമില്ല. അഗ്നിശമനസേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

അബുദാബി: യുഎഇയിലെ അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ കെട്ടിടത്തില്‍ തീപിടിത്തം. ശനിയാഴ്ച അര്‍ധരാത്രിയാണ് കെട്ടിടത്തില്‍ തീപിടിത്തമുണ്ടായത്. ഫ്ലാറ്റില്‍ പ്രവര്‍ത്തിച്ച് വന്ന സ്റ്റോറില്‍ നിന്നാണ് തീ പടര്‍ന്നത്. 

ഹംദാന്‍ സ്ട്രീറ്റില്‍ ബിന്‍ ബ്രൂക്ക് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. പതിനേഴ് നില കെട്ടിടത്തിലാണ് തീപടര്‍ന്നത്. മെസനിൻ ഫ്ലോറിലെ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. സമീപത്തുള്ള ക്ലിനിക്കിലും തീപിടിത്തമുണ്ടായി. സംഭവത്തില്‍ ആളപായമൊന്നുമില്ല. അഗ്നിശമനസേന തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

തീപിടിത്തത്തെ തുടര്‍ന്ന് താമസക്കാരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. പുക മൂലം അസ്വസ്ഥതയുണ്ടായവരെ ആശുപത്രിയില്‍ പരിശോധനക്ക് വിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. വേനല്‍ കടുത്തതോടെ തീപിടിത്തമുണ്ടാകാന്‍ സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം