ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്.

അബുദാബി: അബുദാബിയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് തീപിടിത്തം. ഇന്ന് രാവിലെ സ്വേഹാന്‍ റോഡിലാണ് തീപിടിത്തമുണ്ടായതെന്ന് അബുദാബി പൊലീസ് അറിയിച്ചു. അബുദാബി സിറ്റിയില്‍ അല്‍ ഷംഖ പാലത്തിന് മുമ്പിലാണ് അപകടം ഉണ്ടായത്. 

ട്രക്കും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിലാണ് തീപിടിത്തമുണ്ടായത്. അബുദാബി സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായി ചേര്‍ന്ന് തീപിടിത്തം നിയന്ത്രണവിധേയമാക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം സ്വീകരിക്കണമെന്ന് പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read More -  ദുബൈ തുറമുഖത്തെ തീപിടുത്തം: ഉത്തരവാദികളെന്ന് കണ്ടെത്തിയ അഞ്ച് വിദേശികളുടെ ജയില്‍ ശിക്ഷ ശരിവെച്ചു

കഴിഞ്ഞ ശനിയാഴ്ച യുഎഇയിലെ റാസല്‍ഖൈമയില്‍ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് റാസല്‍ഖൈമയിലെ അല്‍ ഹുലൈല മേഖലയിലെ എണ്ണ ഫാക്ടറിയില്‍ തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തീപിടിത്തമുണ്ടായ വിവരം ശനിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ഉടന്‍ തന്നെ റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് അംഗങ്ങളും പൊലീസും സംഭവസ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു. തീ പടരുന്നത് തടയുകയും തീപിടിത്തം നിയന്ത്രണവിധേയമാക്കുകയും ചെയ്തതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. സ്ഥലത്ത് തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങളും നടത്തിയതായി റാസല്‍ഖൈമ പൊലീസ് അറിയിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെങ്കിലും അതിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Read More - യുഎഇയില്‍ ട്രാഫിക് പിഴ അടച്ചു തീര്‍ക്കാന്‍ മികച്ച സമയം; ഇളവുകളുമായി മൂന്ന് എമിറേറ്റുകള്‍

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചു. പശ്ചിമ റിയാദിലെ അല്‍ മഹ്‍ദിയ ഡിസ്‍ട്രിക്ടിലായിരുന്നു അപകടം. സൗദി കുടുംബമാണ് അപകടത്തില്‍പെട്ടത്. സൗദി സുരക്ഷാ സേനയിലെ ഉദ്യോഗസ്ഥനായ മുഹമ്മദ് അല്‍ സുബൈഇയും ഭാര്യയും അഞ്ച് മക്കളുമാണ് മരിച്ചത്. ഏറ്റവും ഇളയ മകന് രണ്ട് മാസം മാത്രമാണ് പ്രായം. ബന്ധുക്കളെ സന്ദര്‍ശിക്കാനായി പോകുന്നതിനിടെയായിരുന്നു കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. മൃതദേഹങ്ങള്‍ പിന്നീട് ഖബറടക്കി.