രാത്രി 1.30ഓടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാര്‍ജ: ഷാര്‍ജയിലെ അല്‍ സജ്ജയില്‍ തീപിടിത്തം. രണ്ട് ഡീസല്‍ ടാങ്കുകള്‍ക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം ഉണ്ടായത്. തീപിടിത്തത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. 

വ്യാഴാഴ്ച രാത്രി 10.35നാണ് തീപിടിത്തം സംബന്ധിച്ച വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. ഉടന്‍ തന്നെ സമ്‌നാന്‍, അല്‍ സജ്ജ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ തുടങ്ങി. രാത്രി 1.30ഓടെ തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

റോഡ് മുറിച്ചു കടക്കുന്നതിനിടെ പ്രവാസിയെ വാഹനമിടിച്ചു; ഡ്രൈവറെ 45 മിനിറ്റില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്

ഷാര്‍ജ: ഏഷ്യക്കാരനായ കാല്‍നടയാത്രക്കാരനെ വാഹനമിടിച്ച ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അറബ് ഡ്രൈവറെ 45 മിനിറ്റിനുള്ളില്‍ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. തിങ്കളാഴ്ച അല്‍ വഹ്ദ റോഡിലാണ് അപകടമുണ്ടായത്. രാവിലെ 10.44നാണ് സംഭവത്തെ കുറിച്ച് ഷാര്‍ജ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിക്കുന്നത്.

കാല്‍നടയാത്രക്കാരനെ ഇടിച്ച ശേഷം ഡ്രൈവര്‍ സ്ഥലത്ത് നിന്നും വാഹനമോടിച്ച് രക്ഷപ്പെടുകയായിരുന്നു. അനുവദനീയമല്ലാത്ത സ്ഥലത്ത് വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ഏഷ്യക്കാരനെ വാഹനമിടിച്ചത്. സ്ഥലത്തെത്തിയ ഷാര്‍ജ പൊലീസ് പ്രത്യേക പട്രോള്‍ സംഘം പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു.

തുടര്‍ന്ന് വാഹനമോടിച്ചയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ച ഷാര്‍ജ പൊലീസ്, 45 മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടുകയും കാര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ ബുഹൈറ പൊലീസ് ആരംഭിച്ചു.