ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ചു. 48 അപ്പാര്‍ട്ട്മെന്റുകളില്‍ നിന്ന് 150 കുടുംബങ്ങളെ സിവില്‍ ഡിഫന്‍സ് ഒഴിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആളപായമുണ്ടായിട്ടില്ല.

കഴിഞ്ഞ ദിവസം രാത്രി 10.48നാണ് തീപിടുത്തം സംബന്ധിച്ച് സിവില്‍ ഡിഫന്‍സിന് വിവരം ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. കെട്ടിടത്തിന്റെ ഏഴാം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിന്റെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ കേണല്‍ ഖാലിദ് അല്‍ ഹമൂദി പറഞ്ഞു. ഇവിടെ നിന്ന് തീ മറ്റ് മുറികളിലേക്ക് പടരുകയായിരുന്നു. ഫ്ലാറ്റുകളില്‍ അഗ്നരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കണമെന്നും തീപിടുത്തം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.