ദുബൈ: യുഎഇയും ഇസ്രയേലും സാധാരണ ബന്ധം സ്ഥാപിച്ച ശേഷം ചരിത്രം കുറിച്ചുകൊണ്ട് ഇസ്രയേലില്‍ നിന്നുള്ള ആദ്യ വാണിജ്യ വിമാനം ദുബൈയിലെത്തി. ഇസ്രയേലി വിമാനക്കമ്പനിയായ ഇസ്‍ര്‍എയറിന്റെ 6H 663 വിമാനമാണ് ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ ലാന്റ് ചെയ്‍തത്.

തെല്‍ അവീവില്‍ നിന്ന് പ്രാദേശിക സമയം രാവിലെ  10 മണിക്ക് പുറപ്പെട്ട വിമാനത്തില്‍ 166 യാത്രക്കാരാണുണ്ടായിരുന്നത്. തെല്‍അവീവില്‍ നിന്ന് ദുബൈയിലേക്കും തിരിച്ചും ആഴ്‍ചയില്‍ 14 വിമാന സര്‍വീസുകളായിരിക്കും ഇസ്‍ര്‍എയര്‍ നടത്തുക. എയര്‍ബസ് എ320 വിമാനങ്ങളായിരിക്കും ഇതിന് ഉപയോഗിക്കുക. പുതിയ സര്‍വീസ് ആരംഭിച്ചതോടെ അന്താരാഷ്‍ട്ര യാത്രാ കേന്ദ്രമെന്ന നിലയില്‍ ദുബൈ വിമാനത്താവളത്തെ കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതിനും ഇരുരാജ്യങ്ങള്‍ക്കുമിയടയിലെ വാണിജ്യ, ടൂറിസം ഇടപാടുകള്‍ വര്‍ദ്ധിക്കുകയും ചെയ്യും.