റിയാദ്: കൊവിഡ് പ്രതിസന്ധിയില്‍ കുടുങ്ങിയ പ്രവാസികളെ തിരികെ നാട്ടിലെത്തിക്കാനായുള്ള പദ്ധതിയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് റിയാദില്‍ നിന്ന് പുറപ്പെടും. ഉച്ചക്ക് 12.35ന് പുറപ്പെടുന്ന വിമാനത്തില്‍ 163 യാത്രക്കാരാണുള്ളത്.

ഇന്ത്യന്‍ എംബസിയില്‍ നിന്ന് അനുമതി ലഭിച്ച ആദ്യ യാത്രാസംഘത്തില്‍ കൂടുതലും സ്ത്രീകളാണ്. വിവിധ കാലയളവുകളിലെ ഗര്‍ഭാവസ്ഥകളിലുള്ളവരാണ് അവരെല്ലാം. അതില്‍ അധികവും നഴ്‌സുമാരാണ്. മറ്റ് രോഗങ്ങള്‍ മൂലം പ്രായസപ്പെടുന്നവരും യാത്രക്കാരിലുണ്ട്. ജോലിയില്‍ നിന്ന് വിരമിച്ചോ ജോലി നഷ്ടപ്പെട്ടോ ഫൈനല്‍ എക്‌സിറ്റിലുള്ളവരും ഇക്കൂട്ടത്തിലുണ്ട്.

യാത്രാനുമതി തേടി 60,000 പേരാണ് ഇന്ത്യന്‍ എംബസിയിലും ജിദ്ദ കോണ്‍സുലേറ്റിലുമായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന് അത്യാവശ്യ കാരണങ്ങള്‍ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പേര്‍ക്കാണ് ആദ്യ ആഴ്ചയില്‍ യാത്രക്ക് അനുമതി. ഞായര്‍, ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലേക്കും നാല് സര്‍വീസ് കൂടി ക്രമീകരിച്ചിട്ടുണ്ട്. ആദ്യ വിമാനത്തിലേക്കുള്ള ടിക്കറ്റ് വാങ്ങാന്‍ നിരവധി പേരാണ് വ്യാഴാഴ്ച റിയാദിലെ എയര്‍ ഇന്ത്യാ ഓഫീസില്‍ എത്തിയത്. കോഴിക്കോട്ടേക്ക് 953 റിയാലാണ് ടിക്കറ്റ് നിരക്ക്. 

അതേസമയം 'വന്ദേഭാരത്' ദൗത്യത്തിന്‍റെ ആദ്യദിനം രണ്ട് വിമാനങ്ങളിലായി 363 പ്രവാസികളാണ് കേരളത്തിലെത്തിയത്. നെടുമ്പാശേരിയില്‍ എത്തിയ 5 പേരെയും കരിപ്പൂരില്‍ നിന്ന് 3 പേരെയും കൂടുതല്‍ നിരീക്ഷണങ്ങള്‍ക്കായി ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. പ്രവാസികള്‍ ഏഴ് ദിവസം സര്‍ക്കാര്‍ നിരീക്ഷണത്തില്‍ കഴിയണം എന്നാണ് നിര്‍ദേശം. നെടുമ്പാശേരിയില്‍ 10.08ന് വിമാനമിറങ്ങിയപ്പോള്‍ കരിപ്പൂരില്‍ 10.32ന് വിമാനമെത്തി. അബുദാബി- കൊച്ചി വിമാനത്തില്‍ 181 യാത്രക്കാരാണുണ്ടായിരുന്നത്. യാത്രക്കാരില്‍ നാല് കുട്ടികളും 49 ഗര്‍ഭിണികളും. ദുബായ്- കരിപ്പൂര്‍ വിമാനത്തില്‍ 177 യാത്രക്കാരും അഞ്ച് കുട്ടികളുമുണ്ടായിരുന്നു. 

ഏറ്റവും കൂടുതൽ മലയാളികൾ മടങ്ങുന്നത് യുഎഇയിൽ നിന്ന്, കണക്ക് ഇങ്ങനെ