Asianet News MalayalamAsianet News Malayalam

ഖത്തറില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം

മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും.

First monkey pox case confirmed in Qatar
Author
Doha, First Published Jul 22, 2022, 5:45 PM IST

ദോഹ: ഖത്തറില്‍ ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്. 

മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്‌സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 

സൗദി അറേബ്യയിലും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളിൽ കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും കുരങ്ങുപനിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.

മങ്കിപോക്സ്: ഉറവിടം വ്യക്തമല്ലാത്തത് വെല്ലുവിളിയെന്ന് വിദഗ്ധർ, സമൂഹവ്യാപനമായോ എന്നും സംശയം

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമം; ഖത്തറില്‍ ഏഴുപേര്‍ അറസ്റ്റില്‍

ദോഹ: സാമ്പത്തിക കുറ്റകൃത്യത്തിലേര്‍പ്പെട്ട ഏഴുപേര്‍ ഖത്തറില്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അറബ് വംശജരായ ഇവരെ പിടികൂടിയത്. 

ആഢംബര വാഹനങ്ങള്‍ വാങ്ങി ഇവ വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് അറബ് വംശജര്‍ അറസ്റ്റിലായത്. അനധികൃതമായി സമ്പാദിച്ച പണം ഉപയോഗിച്ച് വാഹനങ്ങള്‍ വാങ്ങി വിദേശത്തേക്ക് കയറ്റുമതി ചെയ്ത് കള്ളപ്പണം വെളുപ്പിക്കലായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ വെളിപ്പെടുത്തി. പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

രാജ്യത്തിന് പുറത്തേക്ക് ഇവര്‍ കയറ്റി അയയ്ക്കാനിരുന്ന ഏഴ് വാഹനങ്ങളും അന്വേഷണ സംഘം പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

Follow Us:
Download App:
  • android
  • ios