മക്കയിലെ അസീസിയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ 14,16, 23, 24 ,26 ,36 ,38, 45, 55, 56 എന്നീ നമ്പറുകളിലുള്ള ബിൽഡിംഗിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിരുന്നത്.

റിയാദ്: 2,656 തീർത്ഥാടകർ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ ഹജ്ജ് സംഘം മക്കയിലെത്തി. മദീനയിൽ ആദ്യമെത്തി അവിടെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഇവർ മക്കയിലെത്തിയത്. ഹജ്ജ് മിഷനും നൂറുകണക്കിന് വരുന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്ന് ഹാജിമാരെ ഊഷ്മളമായി സ്വീകരിച്ചു . 

ചൊവ്വാഴ്ച വൈകീട്ട് 6.30 മണിയോടെയാണ് ഹാജിമാര്‍ മക്കയിലെത്തിയത്. വലിയ സ്വീകരണമാണ് മക്കയില്‍‌ ലഭിച്ചത്. 2,656 ഹാജിമാരാണ് ആദ്യ സംഘത്തിലുള്ളത്. മദീനയില്‍ എട്ട് ദിന സന്ദര്‍ശനം പൂര്‍ത്തിയാക്കിയെത്തിയ ഹാജിമാരെ സ്വീകരിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, പത്നി ഡോ. ഷക്കീല ഷാഹിദ്, ഹജ്ജ് കോൺസൽ അബ്ദുൽ ജലീൽ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു. വനിതകളും കുട്ടികളും ഉൾപ്പെടെ വിവിധ സംഘടനാ വളണ്ടിയർമാർ ഭക്ഷണവും മധുരവും സമ്മാനപ്പൊതികളുമായി ഹാജിമാരെ വരവേറ്റു.

മക്കയിലെ അസീസിയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ 14,16, 23, 24 ,26 ,36 ,38, 45, 55, 56 എന്നീ നമ്പറുകളിലുള്ള ബിൽഡിംഗിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിരുന്നത്. മദീനയിൽ ആദ്യമെത്തിയ കൊൽക്കത്ത, ജയ്‌പൂർ, ലക്‌നൗ എന്നിവിടങ്ങളിൽ നിന്നുള്ള ഹാജിമാരാണ് ഇതിനോടകം മക്കയിലെത്തിയത്. നാളെ മുതല്‍ കൂടുതല്‍ സംഘങ്ങള്‍ മക്കയിലെത്തും. മദീനയിൽ നിന്നും ഉംറ നിർവഹിക്കാനായി ഇഹ്‌റാം (വെള്ള വസ്ത്രം) അണിഞ്ഞാണ് ഹാജിമാർ മക്കയിലെത്തുന്നത്. മക്കയിലെത്തുന്ന മുറക്ക് നാട്ടിൽ നിന്നും എത്തിയ ഹാജിമാരെ സഹായിക്കുന്ന ഉദ്യോഗസ്ഥർക്കൊപ്പം (ഖാദിമുൽ ഹുജ്ജാജ്) ഹാജിമാര്‍ ഉംറ നിര്‍വഹിച്ചു.

വിവിധ സംസ്ഥാന ഹജ്ജ് കമ്മറ്റി കളുടെ കിഴിൽ എത്തിയ ഹാജിമാരുടെ സംഘങ്ങള്‍ മദീനയിലെത്തി സന്ദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയിൽ നിന്നും ഇതുവരെ 24,866 ഹാജിമാരാണ് എത്തിയിട്ടുള്ളത്, മക്കയിൽ ഹാജിമാർക്കായി ഇന്ത്യൻ ഹജ്ജ് മിഷന് കീഴിൽ ഡിസ്‍പെൻസറികളും ആശുപത്രികളും തയ്യാറാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള മുഴുവൻ ഹാജിമാർക്കും അസീസിയയിലാണ് താമസം ഒരുക്കിയിട്ടുള്ളത്. 

അസീസിയിൽനിന്ന് ഹറമിൽ പോയി വരാനുള്ള ട്രാൻസ്‍പോർട്ടേഷൻ ആരംഭിച്ചു. ഹറമിനടുത്ത മഹബസ് ജിനിലേക്കും ഖുദായിലേക്കുമാണ് ഹാജിമാരുടെ യാത്രകൾ ക്രമീകരിച്ചിട്ടുള്ളത്. 200 ഹാജിമാർക്ക് ഒരു ബസ് എന്ന ക്രമത്തിൽ 24 മണിക്കൂറും സർവീസ് നടത്തും. ഇതിനായി ഹാഫിൽ കമ്പനിയുടെ പുതിയ മോഡൽ ബസ്സുകളാണ് ഒരുക്കിയിട്ടുള്ളത്. മദീന വഴി എത്തുന്ന ഹാജിമാർ ഹജ്ജിന് ശേഷം ജിദ്ദ വഴിയാണ് നാട്ടിലേക്ക് മടങ്ങുക.

Read also: തൊഴിൽ വിസക്ക് വിരലടയാളം നൽകണമെന്ന നിയമം താത്കാലികമായി മരവിപ്പിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
YouTube video player