Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത ഗുളികകള്‍ പിടികൂടി; അഞ്ച് പേര്‍ അറസ്റ്റില്‍

കളിപ്പാട്ടങ്ങളും, വസ്‍ത്രങ്ങളും സമാനമായ മറ്റ് സാധനങ്ങളുമാണ് പാര്‍സലിലുണ്ടായിരുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. 

Five arrested in Saudi Arabia after an attempt to smuggle narcotic pills thwarted
Author
Riyadh Saudi Arabia, First Published Aug 13, 2022, 3:57 PM IST

റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 11 ലക്ഷം നിരോധിത മയക്കുമരുന്നു ഗുളികകള്‍ കസ്റ്റംസ് പരിശോധനയില്‍ പിടികൂടി. ജിദ്ദ തുറമുഖത്ത് എത്തിയ പാര്‍സലിലായിരുന്നു ഇവ ഉണ്ടായിരുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്‍തു.

കളിപ്പാട്ടങ്ങളും, വസ്‍ത്രങ്ങളും സമാനമായ മറ്റ് സാധനങ്ങളുമാണ് പാര്‍സലിലുണ്ടായിരുന്നതെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറഞ്ഞു. എന്നാല്‍ പതിവ് പരിശോധനകളുടെ ഭാഗമായി ഇവ പരിശോധിച്ചപ്പോളാണ് ഓരോ സാധനങ്ങള്‍ക്കുള്ളിലും നിരോധിത ഗുളികകള്‍ ഒളിപ്പിച്ചത് കണ്ടുപിടിച്ചത്. സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിയ അഞ്ച് പേരെ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്സ് കണ്‍ട്രോളിന്റെ സഹകരണത്തോടെയായിരുന്നു നടപടികള്‍.

വിവിധ മാര്‍ഗങ്ങളിലൂടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുകയും സൗദിയില്‍ നിന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സാധനങ്ങളെ കര്‍ശനമായ കസ്റ്റംസ് പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുമെന്ന് സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു. ഇത്തരം നിയമവിരുദ്ധമായ വസ്‍തുക്കള്‍ കടത്താന്‍ ശ്രമിക്കുന്നവരെ പിടികൂടുകയും ചെയ്യും. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുകയെന്ന സുപ്രധാന ഉത്തരവാദിത്തമാണ് ഇതിലൂടെ നിര്‍വഹിക്കുന്നതെന്നും സൗദി സക്കാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോരിറ്റി അറിയിച്ചു.

Read also:  സൗദിയിലേക്ക് ഇന്തോനേഷ്യയില്‍ നിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റ് പുനഃരാരംഭിക്കുന്നു

ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ പിടിയിലായി
ദോഹ: ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഇയാളുടെ ലഗേജില്‍ നിന്ന് ഹാഷിഷ് കണ്ടെടുത്തു. രണ്ട് കിലോയിലധികം ഹാഷിഷ് ആണ് ലഗേജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കൊണ്ടുവന്നത്.

പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. രാജ്യത്തേക്ക് വരികയായിരുന്ന ഒരു യാത്രക്കാരന്‍ കൊണ്ടുവന്ന കാര്‍ട്ടന്‍ ബോക്സിലായിരുന്നു ഹാഷിഷ് ഒളിപ്പിച്ചിരുന്നതെന്ന് ഖത്തര്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. 2061 ഗ്രാം മയക്കുമരുന്നുണ്ടായിരുന്നു ഇയാളുടെ കൈവശം. സാധനങ്ങള്‍ പിടിച്ചെടുക്കുകയും ഇയാള്‍ക്കെതിരെ നിയമപ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്‍തതായി ഖത്തര്‍ കസ്റ്റംസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios