ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

റാസല്‍ഖൈമ: യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച എമിറേറ്റ്സ് റിങ് റോഡിലായിരുന്നു അപകടം. ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരും മരണപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടം സംബന്ധിച്ച വിവരം റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍ വിങ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ എത്തിച്ചാണ് പരിക്കേറ്റയാളിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണപ്പെട്ടവരെയും പരിക്കേറ്റവരെയും സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അറബ് വംശജരാണ് ഈ വാഹനത്തിലുണ്ടായിരുന്നതെന്ന് യുഎഇയിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Read also:  പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.