ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. 

റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് - മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്. ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിൽ സ്‌കഫോൾഡിങ് സൂപർവൈസറായിരുന്നു. 

കഴിഞ്ഞ ഏഴുവർഷമായി ഇതേ കമ്പനിയിലെ ജീവനക്കാരനാണ് യോഹന്നാൻ. രണ്ടുമാസം മുമ്പ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാര്യ - ഏലിയാമ്മ. മക്കൾ - ശാലു, ഷാനി, ശാലിനി, മരുമക്കൾ - ലിബിൻ വർഗീസ്, ജിബിൻ മാത്യു.

Read also:  ഒമാനില്‍ കടലില്‍ കാണാതായ രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.

ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.