Asianet News MalayalamAsianet News Malayalam

ബഹ്റൈനിലെ ജയിലില്‍ കലാപമുണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമം; അഞ്ച് തടവുകാര്‍ക്കെതിരെ നടപടി

ഒരു തീവ്രവാദ കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട പ്രതികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കലാപമുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും ആ തക്കം നോക്കി രക്ഷപെടാനുമായിരുന്നു പദ്ധതി. 

Five prisoners tried to escape from Bahrain prison after organising armed attack
Author
First Published Dec 3, 2022, 10:20 AM IST

മനാമ: ബഹ്റൈനിലെ ജയിലില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച അഞ്ച് തടവുകാര്‍ക്കെതിരെ നടപടി തുടങ്ങി. ജയിലില്‍ വെച്ച് ഇവര്‍ വിലങ്ങഴിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികൃതര്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജയിലില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ അഞ്ച് തടവുകാര്‍ ഉള്‍പ്പെടെ 10 പ്രതികളാണുള്ളത്. മറ്റുള്ളവര്‍ പുറത്തുനിന്ന് എത്തിയവരായിരുന്നു

ഒരു തീവ്രവാദ കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട പ്രതികളാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. കലാപമുണ്ടാക്കി സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധ തിരിക്കാനും ആ തക്കം നോക്കി രക്ഷപെടാനുമായിരുന്നു പദ്ധതി. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു പൊലീസുകാരന് രഹസ്യ വിവരം ലഭിച്ചതോടെയാണ് പദ്ധതി പൊളിഞ്ഞത്.

കോടതിയില്‍ തെളിവായി ഹാജരാക്കിയ വീഡിയോയില്‍ അഞ്ച് ജയില്‍പുള്ളികള്‍ ഉള്‍പ്പെടെ എട്ട് പേരാണുള്ളത്. മൂന്ന് പേര്‍ പുറത്തുനിന്ന് വന്നവരാണ്. ജയില്‍പുള്ളികളെ സന്ദര്‍ശിക്കുന്ന സമയത്ത് പുറത്തു നിന്ന് വന്ന ഇരുടെ കൂട്ടാളികള്‍ ഒരു പ്ലാസ്റ്റിക് ബാഗ് രഹസ്യമായി കൈമാറി. ഇതിനുള്ളിലുണ്ടായിരുന്ന ലോഹ വയറുകള്‍ ഉപയോഗിച്ചാണ് അ‍ഞ്ച് പേരും വിലങ്ങ് അഴിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ അത് സാധ്യമായില്ല. 

പുറത്തുനിന്ന് എത്തുന്നവര്‍ ജയിലില്‍ ഒരു പ്രശ്നമുണ്ടാക്കുമെന്നും ആ തക്കം നോക്കി വിലങ്ങ് അഴിച്ച് രക്ഷപെടാമെന്നുമായിരുന്നു കണക്കുകൂട്ടല്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്ത് കലാപ അന്തരീക്ഷമുണ്ടാക്കാന്‍ എ.കെ 47 തോക്കുമായി ഒരു യുവാവ് ജയില്‍ പരിസരത്ത് എത്തിയിരുന്നു. എന്നാല്‍ സന്ദര്‍ശകരുടെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വെച്ചുതന്നെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‍ത് തോക്ക് പിടിച്ചെടുത്തു. ജയില്‍ പുള്ളികളില്‍ ഒരാളായ 35 വയസുകരാനാണ് പദ്ധതിയുടെ സൂത്രധാരനെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Read also: പ്രവാസികള്‍ക്കായി താമസ സ്ഥലത്ത് അനധികൃത റസ്റ്റോറന്റ്; മദ്യവും വിറ്റിരുന്നെന്ന് പരിശോധനയില്‍ കണ്ടെത്തി

Follow Us:
Download App:
  • android
  • ios