കൊച്ചി: ദുബായിൽ നിന്നും പ്രവാസികളുമായുള്ള എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കൊച്ചിയിൽ എത്തി. 172 മുതിർന്നവരും അഞ്ചു കുട്ടികളും ഉള്‍പ്പെടെ 178 യാത്രക്കാരാണ് വിമാനത്തിലുള്ളത്. സംഘത്തില്‍ 86 പേര്‍ സ്ത്രീകളാണ്.  ദുബായ് വിമാനത്താവളത്തിൽ യാത്രക്കാര്‍ക്ക് റാപിഡ് ടെസ്റ്റ് നടത്തിയിരുന്നു. 

ബഹ്‍റൈനില്‍ നിന്ന് രാത്രി ഏഴ് മണിക്ക് പ്രവാസികളുമായി കരിപ്പൂരിലേക്ക് വിമാനം യാത്ര തിരിച്ചു. ബഹറൈനില്‍ തെർമൽ സ്കാൻ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ടു വിമാനങ്ങളിലുമായി ഇന്ന് 361 പ്രവാസികൾ ആണ് കേരളത്തിൽ എത്തിച്ചേരുന്നത്.

അതേസമയം പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് നാളെ രാജ്യത്തേക്ക് ആറ് വിമാന സര്‍വീസുകള്‍ ഉണ്ടാവും. ഇതില്‍ മൂന്നെണ്ണം കേരളത്തിലേക്കുള്ളതാണ്. ദുബായിൽ നിന്ന് കണ്ണൂരിലേക്കും ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുക. സിംഗപ്പൂരില്‍ നിന്നുള്ള വിമാനം ബെംഗളൂരുവില്‍ ഇറങ്ങിയ ശേഷമായിരിക്കും കൊച്ചിയിലേക്ക് എത്തുക.