കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതായി തെറ്റിദ്ധരിക്കുകയും വിമാനം ഉടനടി തിരിച്ചിറക്കുകയുമായിരുന്നു. കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നുവെന്ന തെറ്റായ അലാറം മുഴങ്ങിയതിനെ തുടർന്നാണ് നടപടി.

ഓമഹ: ലോസ് ഏഞ്ചൽസിലേക്ക് പുറപ്പെട്ട അമേരിക്കൻ എയർലൈൻസ് വിമാനം ടേക് ഓഫിന് 40 മിനിറ്റിനുള്ളിൽ തിരികെ ഓമഹയിൽ ഇറക്കി. കോക്പിറ്റിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നുവെന്ന തെറ്റായ അലാറം മുഴങ്ങിയതിനെ തുടർന്നാണ് നടപടി.

തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഫ്ലൈറ്റ് 6469ലെ പൈലറ്റുമാർ കോക്പിറ്റിലേക്ക് ആരോ കടക്കാൻ ശ്രമിക്കുന്നു എന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. എന്നാൽ, പിന്നീട് സംഭവം ഒരു തെറ്റിദ്ധാരണ മാത്രമാണെന്ന് സ്ഥിരീകരിച്ചു. വിമാനത്തിലെ ഇൻ്റർകോം അറിയാതെ ഓൺ ആയി കിടന്നതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്. ഫ്ലൈറ്റ് ജീവനക്കാർ കേട്ട സ്റ്റാറ്റിക് ശബ്ദം സുരക്ഷാ ഭീഷണിയായി തെറ്റിദ്ധരിക്കുകയായിരുന്നുവെന്ന് അമേരിക്കൻ എയർലൈൻസ് വക്താവ് അറിയിച്ചു. അമേരിക്കൻ എയർലൈൻസിനും മറ്റ് കാരിയറുകൾക്കും വേണ്ടി പ്രാദേശിക റൂട്ടുകൾ കൈകാര്യം ചെയ്യുന്ന സ്കൈവെസ്റ്റ് എയർലൈൻസാണ് എംബ്രേറര്‍ ഇആര്‍ജെ 175 എന്ന ഈ വിമാനം ഓപ്പറേറ്റ് ചെയ്തിരുന്നത്.

യാതൊരു പ്രശ്നങ്ങളുമില്ലാതെ വിമാനം സുരക്ഷിതമായി ഓമഹ എയർപോർട്ടിൽ തിരികെ ഇറക്കി. എയർപോർട്ടിൽ യഥാർത്ഥത്തിൽ സുരക്ഷാ വീഴ്ചയോ ഭീഷണിയോ ഉണ്ടായില്ലെന്ന് ഓമഹ എയർപോർട്ട് അതോറിറ്റി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി യാത്രക്കാർ വിമാനക്കമ്പനിയുമായി ബന്ധപ്പെടാൻ എയർപോർട്ട് അധികൃതർ നിർദ്ദേശിച്ചു.