സലാല: സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം ശക്തമായ കാറ്റിനെ തുടര്‍ന്ന് മസ്‍കത്ത് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. പിന്നീട് കാലാവസ്ഥ അനുകൂലമായതിന് ശേഷം വിമാനം തിരികെ സുരക്ഷിതമായി സലാലയില്‍ ഇറക്കിയതായി അധികൃതര്‍ അറിയിച്ചു. ബജറ്റ് എയര്‍ലൈനായ സലാം എയറിന്റെ ഒ.വി 113 വിമാനമാണ് തിരിച്ചുവിട്ടതെന്ന് കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പുലര്‍ച്ചെ 2.45ന് വിമാനം സലാല വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് ശക്തമായ കാറ്റ് തടസം സൃഷ്ടിച്ചത്. രണ്ട് ലാന്റിങ് ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‍കത്തിലേക്ക് തന്നെ തിരിച്ച് പോവുകയായിരുന്നു. കാലാവസ്ഥ അനുകൂലമായതിന് ശേഷം രാവിലെ 9.00 മണിക്ക് മസ്‍കത്തില്‍ നിന്ന് പുറപ്പെട്ട വിമാനം 10.40ന് സലാലയില്‍ സുരക്ഷിതമായി ലാന്റ് ചെയ്തു. യാത്രക്കാരുടെയും ജവനക്കാരുടെയും സുരക്ഷ പരിഗണിച്ചാണ് വിമാനം മസ്‍കത്തില്‍ ഇറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.