സൗദി അറേബ്യയിലെ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ പൂർത്തിയാക്കുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഉടനുണ്ടാകുമെന്ന വാർത്ത പുറത്തുവന്നതിന്‍റെ ആശ്വാസത്തിൽ മലയാളികൾ. ശിക്ഷാ കാലാവധി കഴിയുന്നതോടെ എക്സിറ്റ് വിസ നൽകി റഹീമിനെ നാട്ടിലേക്ക് അയക്കാനുള്ള നിയമനടപടികൾ അവസാന ഘട്ടത്തിലാണെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിലെ റിയാദിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഉടന്‍ ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തുവന്നതിന്‍റെ ആശ്വാസത്തിലാണ് മലയാളികള്‍. റഹീമിന്റെ മോചനം അടുത്തയാഴ്ചയുണ്ടാകുമെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചിരുന്നു. കോടതി വിധിച്ച 20 വർഷത്തെ തടവ് ശിക്ഷ ഈ മാസം പൂർത്തിയാകുന്നതോടെയാണ് നിയമനടപടികൾ അവസാന ഘട്ടത്തിലേക്ക് കടക്കുന്നത്. ശിക്ഷാ കാലാവധി കഴിയുന്നതോടെ സൗദി ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ഇതോടെ സൗദി സർക്കാരിന്‍റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാകും. തുടർന്ന് എത്രയും വേഗം യാത്രാ തീയതി നിശ്ചയിച്ച് നാട്ടിലേക്ക് മടങ്ങാനാവുമെന്നാണ് കരുതുന്നത്.
ജയിൽ മോചനത്തിന് മുന്നോടിയായി രാജ്യം വിടാനുള്ള രേഖയായ എമർജൻസി സർട്ടിഫിക്കറ്റ് (വൈറ്റ് പാസ്‌പോർട്ട്) ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ടെന്ന് സാമൂഹിക പ്രവർത്തകനും കുടുംബത്തിന്‍റെ പവർ ഓഫ് അറ്റോണിയുമായ സിദ്ധിഖ് തുവ്വൂർ അറിയിച്ചു. എംബസി ഉദ്യോഗസ്ഥരുടെ സജീവമായ ഇടപെടൽ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുന്നുണ്ട്.
'ലോക മലയാളികൾ കൈകോർത്ത ഈ മഹാദൗത്യം ലക്ഷ്യം കാണാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. തുടക്കം മുതൽ ഒടുക്കം വരെ ദൗത്യത്തിൽ പങ്കാളികളായ എല്ലാ മനുഷ്യസ്നേഹികളോടും നന്ദി പറയുന്നു'— അഷ്‌റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി, റിയാദ് സഹായ സമിതി) പറഞ്ഞു.
തുടർ നടപടികൾ
ശിക്ഷാ കാലാവധി കഴിഞ്ഞാലുടൻ ആഭ്യന്തര മന്ത്രാലയം എക്സിറ്റ് വിസ നൽകും. ജയിലിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഡിപ്പോർട്ടേഷൻ സെന്ററിലേക്ക് മാറ്റും. അവിടെ നിന്ന് വിമാന ടിക്കറ്റ് നൽകി ഉടൻ നാട്ടിലേക്ക് അയക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കുമെന്ന് സമിതി ചെയർമാൻ സി.പി. മുസ്തഫ വ്യക്തമാക്കി.
റിയാദ് സഹായ സമിതി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, സെബിൻ ഇഖ്ബാൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ മോചന നടപടികളുടെ പുരോഗതി നിരന്തരം വിലയിരുത്തുന്നുണ്ട്. ഫറോക്കിലെ സഹായ ട്രസ്റ്റുമായി സമിതി അംഗങ്ങൾ ഉടൻ ഓൺലൈൻ യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കും. കോഴിക്കോട്ടെ റഹീമിന്റെ വീട്ടുകാരും നാട്ടുകാരും പ്രാർത്ഥനയോടെയും വലിയ ആവേശത്തോടെയുമാണ് പ്രിയപ്പെട്ടവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.


