ഇത്തരം കാര്യങ്ങളിൽ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും പ്രേക്ഷകർക്ക് അവതരിപ്പിക്കുന്ന മാധ്യമ ഉള്ളടക്കത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ ടെലിവിഷൻ ചാനൽ ചർച്ചക്കിടെ ഫുഡ് ഡെലിവെറി ബോയ് ക്യാമറക്ക് മുന്നിലൂടെ നടന്ന് പോയി ഭക്ഷണം ഡെലിവറി ചെയ്തതില്‍ നടപടി. കുവൈത്ത് വാർത്താ ചാനലിലെ സംപ്രേക്ഷണത്തിലെ പിഴവിൽ ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കുവൈത്ത് വാർത്താ വിതരണ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പരിപാടിയുടെ സാങ്കേതിക വിഭാഗത്തെ അന്വേഷണത്തിന് വിധേയമാക്കുകയും സ്റ്റുഡിയോ മാനേജരെ സസ്പെൻഡ് ചെയ്തു.
ഇത്തരം കാര്യങ്ങളിൽ മന്ത്രാലയം അതീവ ഗൗരവത്തോടെയാണ് ഇടപെടുന്നതെന്നും പ്രേക്ഷകർക്ക് അവതരിപ്പിക്കുന്ന മാധ്യമ ഉള്ളടക്കത്തിന്‍റെ ഗുണമേന്മ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ടിവി സ്റ്റുഡിയോയിൽ കാലാവസ്ഥാ വിദഗ്ധൻ അദേൽ സാദൂനുമായുള്ള അഭിമുഖത്തിനിടെയാണ് ഡെലിവറി ബോയ് ക്യാമറക്ക് മുന്നിലൂടെ നടന്നുപോയി ഭക്ഷണം ഡെലിവറി ചെയ്തത്. മന്ത്രാലയത്തിന്റെ പുതിയ പുനഃസംഘടനയുടെ ഭാഗമായി വാർത്താ വിഭാഗങ്ങളിൽ സമഗ്രമായ ഭരണപരമായ മാറ്റങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് അധികൃതർ വിശദീകരിച്ചു. നിരവധി നേതൃത്വപരമായ സ്ഥാനങ്ങളിൽ മാറ്റങ്ങൾ വരുത്തും. കൂടാതെ, വാർത്താ ചാനലിന്റെ പുതിയ ദൃശ്യാനുഭവം പുറത്തിറക്കാനും മന്ത്രാലയം തയ്യാറെടുക്കുകയാണ്. ഇത് ഉള്ളടക്കം വികസിപ്പിക്കുന്നതിനും മാധ്യമ പ്രവർത്തനത്തിൽ പ്രൊഫഷണലിസവും സുതാര്യതയും വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അധികൃതർ പറഞ്ഞു.
