ഫിഫ അറബ് കപ്പ് 2025ന്‍റെ ഫൈനൽ മത്സരത്തിൽ മൊറോക്കോയും ജോർദാനും ഏറ്റുമുട്ടും. തിങ്കളാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ ഫൈനലിൽ സ്ഥാനമുറപ്പിച്ചത്.
ദോഹ: ഖത്തറിൽ നടക്കുന്ന ഫിഫ അറബ് കപ്പ് 2025ന്‍റെ ഫൈനൽ മത്സരത്തിൽ മൊറോക്കോയും ജോർദാനും ഏറ്റുമുട്ടും. ഖത്തർ ദേശീയ ദിനമായ ഇന്ന് ലുസൈൽ സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.
തിങ്കളാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമി ഫൈനൽ മത്സരത്തിൽ യു.എ.ഇയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് മൊറോക്കോ ഫൈനലിൽ സ്ഥാനമുറപ്പിച്ചത്. അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമി മത്സരത്തിൽ സൗദി അറേബ്യയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ജോർദാൻ ആദ്യമായി അറബ് കപ്പ് ഫൈനലിൽ എത്തിയത്. ജോർദാന്റെ ആദ്യ അറബ് കപ്പ് ഫൈനലാണെങ്കിൽ മൊറോക്കോ ഇത് രണ്ടാം തവണയാണ് ഫൈനലിലെത്തുന്നത്.
നിലവിലെ ചാമ്പ്യന്മാരായ അൾജീരിയ ക്വാർട്ടർ ഫൈനലിൽ യു.എ.ഇയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. അറബ് ലോകമാകെ വൻ ആവേശം നിറച്ചാണ് ടൂർണമെന്റ് ഫൈനലിലേക്ക് കടക്കുന്നത്. അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെയും പ്രാദേശിക ആരാധകരുടെയും റെക്കോർഡ് പങ്കാളിത്തത്തിനാണ് ഇത്തവണ ടൂർണമെന്റ് സാക്ഷിയായത്. മത്സരങ്ങൾ നടന്ന സ്റ്റേഡിയങ്ങളിലുടനീളം ആവേശഭരിതമായ അന്തരീക്ഷമായിരുന്നു. ഫൈനൽ മത്സരത്തിനും വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


