ദുബായ്: മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്ന പ്രവാസിക്ക് ദുബായില്‍ 10 വര്‍ഷം ജയില്‍ ശിക്ഷ. ഡ്രൈവറായി ജോലി ചെയ്തിരുന്ന പാകിസ്ഥാനി പൗരനെതിരെയാണ് ഞായറാഴ്ച ദുബായ് പ്രാഥമിക കോടതി വിധി പറഞ്ഞത്. അല്‍ മുറഖബയിലെ താമസ സ്ഥലത്തുവെച്ചാണ് 41കാരന്‍ തന്റെ സുഹൃത്തിനെ നിരവധി തവണ കുത്തിയത്. ജയില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

പ്രതിയും കൊല്ലപ്പെട്ട സുഹൃത്തും ഒരുമിച്ച് താമസിച്ചിരുന്ന മുറി വൃത്തിയാക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. 33കാരനായ മറ്റൊരു പാകിസ്ഥാന്‍ പൗരനായിരുന്നു കേസിലെ പ്രധാന സാക്ഷി. ബഹളവും അലര്‍ച്ചയും കേട്ടാണ് താന്‍ സംഭവ ദിവസം ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നതെന്ന് ഇയാള്‍ പറഞ്ഞു. എഴുന്നേറ്റ് നോക്കുമ്പോള്‍ പ്രതി കത്തി ഉപയോഗിച്ച് സുഹൃത്തിനെ കുത്തുന്നതാണ് കണ്ടത്. തടയാന്‍ താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

എന്തിനാണ് കുത്തിയതെന്ന് ചോദിച്ചപ്പോള്‍ അത് സംഭവിച്ചുപോയെന്നായിരുന്നു പിന്നീടുള്ള ഇയാളുടെ മറുപടി. ഹോര്‍ അല്‍ അന്‍സിലെ കെട്ടിടത്തില്‍ നടന്ന കൊലപാതകത്തെക്കുറിച്ച് രാത്രി ഒരു മണിയോടെയാണ് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയും മൃതദേഹത്തിന് സമീപത്തുതന്നെ ഉണ്ടായിരുന്നു. ഈസമയം പ്രതി മുറയ്ക്ക് പുറത്ത് ഇരിക്കുകയായിരുന്നു. ഇയാളുടെ കൈയിലും മുറിവുണ്ടായിരുന്നു.

കുത്തേറ്റതിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമാക്കി. മരണസമയത്ത് ഇയാള്‍ മദ്യപിക്കുകയോ മറ്റേതെങ്കിലും ലഹരി ഉപയോഗിക്കുകയോ ചെയ്തിരുന്നില്ലെന്നും ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമായി. പ്രതിക്ക് വിധിക്കെതിരെ 14 ദിവസത്തിനകം അപ്പീല്‍ നല്‍കാനാവും.