തിരുവനന്തപുരം: പൗരന്‍മാരെ സ്വദേശത്തേക്ക് എത്തിക്കുന്ന ഏറ്റവും വലിയ ദൗത്യത്തില്‍ ഒന്നായ കുവൈത്ത് യുദ്ധകാലത്തെ രക്ഷാദൗത്യം ഓര്‍ത്തെടുത്ത് മുന്‍ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്‍. ഒന്നര ലക്ഷത്തിലധികം ഇന്ത്യക്കാരെ നാട്ടിലെത്തിച്ച ദൗത്യം മലയാളിയായ മുന്‍ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു. ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈനെ നേരില്‍ കണ്ടാണ് കെപി ഉണ്ണികൃഷ്ണന്‍ ഈ ദൗത്യം വിജയിപ്പിച്ചത്.

1990 ഓഗസ്റ്റ് രണ്ടിന് ഇറാഖ് പട്ടാളം കുവൈത്തിലക്ക് കടന്നുകയറിയതോടെ മരണം മുന്നില്‍ക്കണ്ടത് ആയിരക്കണക്കിന് ഇന്ത്യക്കാരാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ചരിത്ര ദൗത്യത്തിന് നേതൃത്വം നല്‍കിയത് അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കെ.പി ഉണ്ണികൃഷ്ണന്‍ ആണ്. കോഴിക്കോട് പന്നിയങ്കരയിലെ വീട്ടിലിരുന്ന് ആ മഹാദൗത്യത്തെ ഓര്‍ത്തെടുക്കുകയാണ് അദ്ദേഹം. വിദേശകാര്യമന്ത്രി ഗുജ്‌റാളിനെയായിരുന്നു ആദ്യം വിപി സിംഗ് മന്ത്രിസഭ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. പിന്നീട് ആ ദൗത്യം ‌കെപി ഉണ്ണികൃഷ്ണനിലേക്ക് എത്തിച്ചേരുകയായിരുന്നു.

അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ നേരില്‍ കണ്ട് അനുമതി വാങ്ങി. സദ്ദാമിന്റെ രഹസ്യ സങ്കേതത്തിലെത്തിയായിരുന്നു ചര്‍ച്ച നടത്തിയത്. ജോര്‍ദ്ദാന്‍ തലസ്ഥാനമായ അമ്മാനില്‍ നിന്നാണ് ഇന്ത്യക്കാരേയും കയറ്റി വിമാനങ്ങള്‍ പറന്നുയര്‍ന്നത്. ദുബായ് വഴി ബോംബെയിലേക്ക്. അവിടെ നിന്ന് തീവണ്ടി മാര്‍ഗ്ഗം മലയാളികള്‍ കേരളത്തിലെത്തി. ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരാണ് സൗജന്യമായി വീട്ടിലെത്തിയത്.