ഫര്‍വാനിയയില്‍ നിന്നാണ് 19 പേരെ പിടികൂടിയത്. ഖൈത്താനില്‍ നിന്ന് 14ഉം അല്‍ സഹ്രയില്‍ നിന്ന് ഏഴും പേര്‍ അറസ്റ്റിലായതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു.

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫര്‍വാനിയ ഗവര്‍ണറേറ്റിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 40 താമസ, തൊഴില്‍ നിയമലംഘകരായ പ്രവാസികള്‍ പിടിയില്‍. വിവിധ രാജ്യക്കാരാണ് പിടിയിലായത്. 

ഫര്‍വാനിയയില്‍ നിന്നാണ് 19 പേരെ പിടികൂടിയത്. ഖൈത്താനില്‍ നിന്ന് 14ഉം അല്‍ സഹ്രയില്‍ നിന്ന് ഏഴും പേര്‍ അറസ്റ്റിലായതായി സെക്യൂരിറ്റി മീഡിയ വിഭാഗം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. പിടിയിലായവരില്‍ ഭൂരിഭാഗം പേരെയും നാടുകടത്തും. 

Read More -  11 വര്‍ഷമായി അനധികൃതമായി താമസിക്കുകയായിരുന്ന പ്രവാസി വനിതയെ പരിശോധനയില്‍ പിടികൂടി

കഴിഞ്ഞ ദിവസം വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ട 27 പ്രവാസികള്‍ കുവൈത്തില്‍ റെയ്‍ഡില്‍ പിടിയിലായിരുന്നു. ഹവല്ലി ഏരിയയില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്‍തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചു. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പിടിയിലായ എല്ലാവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

കുവൈത്ത് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസിന്റെ മേല്‍നോട്ടത്തിലാണ് കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കെതിരായ നടപടികള്‍ പുരോഗമിക്കുന്നത്. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ തടയാനും നിയമം പാലിക്കാത്തവര്‍ക്കെതിരായ നടപടികള്‍ കര്‍ശനമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

Read More - കൈക്കൂലി വാങ്ങിയ കേസില്‍ ഏഴ് ജഡ്‍ജിമാര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് കുവൈത്ത് കോടതി

താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.